Skip to main content

സപ്ലൈകോ നെല്ല് സംഭരണം- ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു

 

 

 

സപ്ലൈകോയുടെ 2021-22 വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷന്‍ നടത്താം. ഇതിനായി www.supplycopaddy.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. പേര്, മേല്‍വിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ ശാഖയുടെ പേര്, ഐഎഫ്എസ്‌കോഡ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്ട്രേഷന്‍ നടത്താം.   എന്‍ആര്‍എ, എന്‍ആര്‍ഒ, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍, ഇടപാടുകള്‍ ഇല്ലാത്ത അക്കൗണ്ടുകള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യരുത്.  ഇത്തവണ ജനന തീയതിയും മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേരും രേഖപ്പെടുത്തണം. സ്വന്തം കൃഷിക്കും പാട്ടകൃഷിക്കും പ്രത്യേകമായും ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് പ്രത്യേകമായും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.  പദ്ധതിയുടെ നിലവിലുള്ള ഭൂപരിധി ഈ സീസണ്‍ മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുപ്രകാരം സ്വന്തമായി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഭൂപരിധിനിയമ പ്രകാരം ഉടമസ്ഥാവകാശം ഉള്ള മുഴുവന്‍ കൃഷിസ്ഥലവും പാട്ടകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും അവര്‍ കൃഷിയിറക്കിയ മുഴുവന്‍ സ്ഥലവും രജിസ്ട്രേഷന്‍ നടത്താവുന്നതും അതിന് ആനുപാതികമായ നെല്ല് സംഭരണത്തിന് നല്‍കാവുന്നതുമാണ്. നെല്ല് സംഭരണത്തിനായുള്ള അപേക്ഷകള്‍ കൃഷി ഓഫീസര്‍ ഓണ്‍ലൈനായി അംഗീകരിക്കുന്ന സാഹചര്യത്തില്‍ ഈ സീസണ്‍ മുതല്‍ പാട്ടകര്‍ഷകര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടതില്ല.

കിലോയ്ക്ക് 28  രൂപയാണ് 2021 22 സീസണിലെ നെല്ലിന്റെ സംഭരണവില. കര്‍ഷകര്‍ക്ക് അനുവദനീയമായ കയറ്റിറക്കുകൂലി ക്വിന്റലിന് 12 രൂപയും നെല്ലിന്റെ പണത്തോടൊപ്പം തന്നെ നല്‍കും. ഒരു കിലോയ്ക്ക് 28.12 രൂപയാണ് സംഭരിച്ച നെല്ലിന് കര്‍ഷകന് ലഭിക്കുക. സംഭരണസമയത്തു വരുന്ന കയറ്റിറക്കു ചിലവ് പൂര്‍ണമായും കര്‍ഷകര്‍ വഹിക്കണം.  രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട് വിശദമായി പരിശോധിച്ചു തെറ്റുകളില്ലെന്നു ഉറപ്പുവരുത്തി അനുബന്ധരേഖകള്‍ സഹിതം അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുള്ള കൃഷിഭവനില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഏല്‍പ്പിക്കണമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു.  വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാഡി മാര്‍ക്കറ്റിംഗ് ഓഫീസറുമായി ബന്ധപ്പെടുക- 9946089784.

date