Skip to main content

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സുതാര്യമാക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥന് നിരീക്ഷണ ചുമതല നൽകും : മന്ത്രി പി എ. മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ  പ്രവൃത്തികൾ സുതാര്യമാക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥന് നിരീക്ഷണ ചുമതല നൽകുമെന്നും അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും  പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ്.

'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്' എന്ന ക്യാമ്പയിൻ  ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും റോഡുകളുടെ ഇരു വശത്തും പരിപാലന കാലാവധി വെളിപ്പെടുത്തുന്ന  ബോർഡുകൾ സ്ഥാപിക്കുന്നത് മികച്ച രീതിയിൽ നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ മീൻമൂട് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 5.8 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെയും തേമ്പാമൂട് - മൂന്നാനക്കുഴി റോഡിന്റെയും പണികൾ പൂർത്തിയാക്കിയത്. ഒറ്റ വരിപ്പാതയായിരുന്ന പാലമാണ് നവീകരിച്ച് രണ്ടു വരിപ്പാതയാക്കിയത്. അനുബന്ധ റോഡിന് 2.2 കിലോ മീറ്റർ നീളമുണ്ട്‌.         

ചടങ്ങിൽ ഡി.കെ.മുരളി എം. എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ് ജി.കോമളം, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേഷ്, ത്രിതല പഞ്ചായത്ത്  അംഗങ്ങൾ,  പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date