Skip to main content

ജില്ലയിൽ കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിങ് നടത്തും

 

 

 

ജില്ലയിലെ കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റ് അടിയന്തരമായി നടത്താന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജില്ലാ ഫയർ ഓഫീസറെ ചുമതലപ്പെടുത്തി.  ജില്ലയില്‍ അടിക്കടി തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നടപടി.  ജില്ലയിലെ കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റ് നടത്തി ജില്ലാ ഫയര്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടുള്ള സ്ഥാപന ഉടമകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

തീപിടുത്തം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് തീപിടുത്തങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. നഗരത്തിലെ പല വന്‍കിട കെട്ടിടങ്ങള്‍ക്കും ഗോഡൗണുകള്‍ക്കും അപകടമുണ്ടായാല്‍ അഗ്‌നിശമന വാഹനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള വഴിപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.  

പതിവായി അപകടമരണങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ഒരുമാസത്തിനകം അപായ സൂചന ബോര്‍ഡ് വെക്കുന്ന നടപടി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. 

നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച സമഗ്ര പഠനത്തിന് സിഡബ്ല്യുആര്‍ഡിഎം കോര്‍പ്പറേഷന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ യോഗം ശുപാര്‍ശ ചെയ്തു.
വാര്‍ഡ് തലത്തില്‍ ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിച്ച് പഠനങ്ങള്‍ നടത്തി കൃത്യമായ ശുപാര്‍ശ സഹിതം സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡോ.ഹരികുമാറിന്റെ നേതൃത്വത്തില്‍ സിഡബ്ല്യുആര്‍ഡിഎം ടീമിനെ ചുമതലപ്പെടുത്തി. അടുത്ത കാലവര്‍ഷത്തിനു മുമ്പ് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാനും തീരുമാനിച്ചു.

date