Skip to main content

ദേശീയ സമ്മതിദായക ദിനാചരണം: പോസ്റ്റർ മത്സരം ജനുവരി 11ന്

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ഇലക്ഷൻ വിഭാഗം എട്ടാ തരം മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പോസ്റ്റർ ഡിസൈൻ മത്സരം ജനുവരി 11 ചൊവ്വ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. കലക്ടേറ്റ് കോമ്പൗണ്ടിലെ ആംഫി തിയേറ്ററിലാണ് മത്സരം നടത്തുക. ഇൻക്ലൂസീവ് ആന്റ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ എന്ന വിഷയത്തിൽ നടത്തുന്ന പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ജനുവരി ഏഴിനകം വിദ്യാർഥികളാണെന്ന രേഖകൾ സഹിതം അതത് താലൂക്ക് തഹസിൽദാരുടെയോ കലക്ട്രേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടരുടെയോ മുമ്പാകെ രജിസ്‌ട്രേഷൻ നടത്തണം. മത്സര സമയം ഒരു മണിക്കൂർ.
ഇതോടൊപ്പം പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ കോളേജ് കുട്ടികൾക്കായി ഇതേ വിഷയത്തിൽ ഷോർട്ട് ഫിലിം മത്സരവും നടത്തുന്നു. സമയദൈർഘ്യം മൂന്ന് മിനിറ്റ്. ഒരു കോളേജിൽ നിന്നും ഒരു ഷോർട്ട് ഫിലിം മാത്രമേ പരിഗണിക്കൂ.
ജില്ലാ കലക്ടർ നിശ്ചയിക്കുന്ന ജൂറി പാനലാവും വിധി നിർണയം നടത്തുക. ജില്ലകളിലെ ആദ്യ മൂന്ന് സ്ഥാനക്കാരുടെ പേരുകൾ ചീഫ് ഇലക്ടറുടെ ഓഫീസിൽ സമർപ്പിക്കും. അവിടെ നിശ്ചയിച്ച ജൂറി കമ്മറ്റി സംസ്ഥാന തലത്തിൽ വിജയികളെ തെരഞ്ഞെടുക്കും. ജനുവരി 25ന് ദേശീയ സമ്മതിദായക ദിനത്തിൽ തിരുവനന്തപുരത്ത് വിജയികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റുകളും നൽകും.

  

date