Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 10-01-2022

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വൻകുളത്ത്‌വയൽ മുതൽ വായ്പറമ്പ്, അക്ലിയത്ത് ടെംബിൾ, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, ഹെൽത്ത് സെന്റർ, കച്ചേരിപ്പാറ, ഗോവിന്ദൻപീടിക, തെക്കൻമാർകണ്ടി, മസ്‌കോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 11 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും തെരു, മർവാ ടവർ, ടൈഗർമുക്ക്, പഴയ ഇ സ് ഐ, പി വി എൻ, ഹിൽടോപ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മനോരമ, വലിയ വളപ്പ് കാവ്, തായത്തെരു, മുഴത്തടം, കസാന കോട്ട, പി ആന്റ് ടി ക്വാർട്ടേർസ്, തായത്തെരു കട്ടിങ്ങ് എന്നീ ഭാഗങ്ങളിൽ  ജനുവരി 11 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

ധർമ്മടം സത്രം-സ്വാമിക്കുന്ന് റോഡിൽ ധർമ്മടം സത്രം മുതൽ മൊയ്തുപാലം വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 15 വരെ പൂർണ്ണമായി നിരോധിച്ചു.  വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ചിറക്കുനി-റെയിൽവെ സ്റ്റേഷൻ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 15 വരെ പൂർണ്ണമായി നിരോധിച്ചു.  വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളിൽ നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് 2020-21 അധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ടി ടി സി, ഐ ടി ഐ/ഐ ടി സി, പ്ലസ്ടു, ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന, യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയ, ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ ലഭിക്കും.
പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഇപ്പോൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് സമർപ്പിക്കണം.  പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ലാപ്‌ടോപ്പിന് എൻട്രൻസ് കമ്മിഷണറുടെ അലോട്ടുമെന്റിന്റെ പകർപ്പ് ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവർ കോഴ്‌സുകൾ കേരള ഗവ. അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഫോൺ: 0495-2768094.

സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2021 ലെ ക്ഷേത്രകലാ അക്കാദമി പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാശിൽപം, ചെങ്കൽശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാനസംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.
ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2020, 2021 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്രകലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌ക്കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ച 2022 ജനുവരി  ഒന്നിന് 40 വയസ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്‌ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാ ഫോറവും ഏറ്റവും പതിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും മറ്റ് ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ - 670303 എന്ന വിലാസത്തിൽ ഫെബ്രവരി 10 ന് വൈകിട്ട് നാല് മണിക്കകം ലഭിക്കണം. ഫോൺ: 0497 2986030, 9847913669, 9847510589.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന, 2022ലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ ജനുവരി 15നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  സർട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in ൽ  ലഭിക്കും. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, കെ യു ആർ ഡി എഫ് സി ബിൽഡിങ്, രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മുതൽ പെൻഷൻ ലഭിക്കൂ.  ഫോൺ: 0495 2966577.

സ്‌കോൾ കേരള; തീയതി നീട്ടി

സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നടത്തുന്ന ഡിസിഎ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി പിഴയില്ലാതെ ജനുവരി 14 വരെയും 60 രൂപ പിഴയോടെ ജനുവരി 22 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2342950, 2342271.

പുനർലേലം

കണ്ണൂർ ഗവ. പ്രസ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലെ വിവിധ മരങ്ങൾ മുറിച്ചു മാറ്റാനുള്ള ലേലം ജനുവരി 28ന് രാവിലെ 11.30ന് ഗവ. പ്രസ് ഓഫീസ് പരിസരത്ത് നടക്കും. ഫോൺ: 0497 2747306.

ലേലം

ചീമേനി ഓപ്പൺ പ്രിസൺ ആന്റ് കറക്ഷണൽ ഹോം ഡയറി ഫാമിലെ കാളക്കുട്ടൻമാർ, പന്നികൾ എന്നിവ ജനുവരി 13ന് രാവിലെ 11 മണിക്ക് ജയിൽ പരിസരത്ത് ലേലം ചെയ്യും.  ഫോൺ: 0467 2251390.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സ്വിച്ച് ബോർഡ് നീക്കം ചെയ്യുന്നതിനും രണ്ട് ഷെൽഫുകൾ നിർമിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചക്ക് 12.30 വരെ സ്വീകരിക്കും.
കോളേജിലെ സി സി എഫിലേക്ക് ബൈബാക്ക് സ്‌കീമിൽ ബാറ്ററികൾ വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 17ന് ഉച്ചക്ക് 12.30 വരെ ദർഘാസ് സ്വീകരിക്കും.
കോളേജിലെ ടോണർ റീ ഫില്ലിങ് സർവീസിനും റീപ്ലേസ്‌മെന്റിനും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 20ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

പരാതികൾ സമർപ്പിക്കാം

തോട്ടട ഇ എസ് ഐ ആശുപത്രിയിൽ ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരാതി പരിഹാര സെൽ യോഗത്തിൽ പരാതി ബോധിപ്പിക്കാനുണ്ടെങ്കിൽ ഇഎസ്‌ഐ ഗുണഭോക്താക്കൾക്ക് നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് നൽകാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ജനുവരി 14ന് ജില്ലാ എംജിഎൻആർജിഎ ഓംബുഡ്‌സ്മാൻ തലശ്ശേരി ബ്ലോക്ക് ഓഫീസിൽ രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെസിറ്റിങ് നടത്തും. മഹാത്മാഗാന്ധി ദേശീയ  ഗ്രാമീണ തൊഴിൽദാന പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നൽകാം.

പുസ്തകോത്സവം തുടങ്ങി

ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം  കലക്ടറേറ്റ് മൈതാനിയിൽ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി. ജെ സി ബി പുരസ്‌ക്കാരം നേടിയ എം മുകുന്ദനെ കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ തുടങ്ങിയവർ മുഖ്യാതിഥികളായി. സുരേഷ്ബാബു എളയാവൂർ, അഡ്വ. വി കെ അൻവർ, മുകുന്ദൻ മഠത്തിൽ, എം കെ രമേശ് കുമാർ, എം കെ മനോഹരൻ, വി വി ഷാജി, യു കെ ശിവകുമാരി, പി കെ വിജയൻ, ടി പ്രകാശൻ എന്നിവർ സംസാരിച്ചു. ജനുവരി 16 വരെയാണ് പുസ്തകോത്സവം.

ക്വട്ടേഷൻ

ആറളം ഓടന്തോട് അക്ഷയ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 15ന് ഉച്ചക്ക് 12 ണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2700357.

ലേലം

കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധനങ്ങൾ ജനുവരി 17ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യുംന്ന  ഫോൺ: 0497 2835183.

പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് അപേക്ഷിക്കാം

മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമുള്ള പ്രാണി മിത്ര, ജീവ ദയ അവാർഡുകൾക്ക് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജനവരി 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. ചുരുങ്ങിയത് 10 വർഷമെങ്കിലും ഈ രംഗത്ത് സേവനം ചെയ്യുന്ന വ്യക്തികൾക്കാണ് പ്രാണി മിത്ര അവാർഡിന് അപേക്ഷിക്കാൻ അർഹത. ഈ രംഗത്തെ നൂതനാശയം/ഗവേഷണം, മൃഗങ്ങളെ രക്ഷിക്കുന്നതിന് ധീരമായ പ്രവർത്തനം, ആജീവനാന്ത സേവനം, മൃഗക്ഷേമ സംഘടനകൾ, ഗവേഷണം/വികസനം, കോർപ്പറേറ്റ് എന്നീ മേഖലകളിലാണ് പ്രാണിിത്ര അവാർഡ് നൽകുക. വ്യക്തികൾ, സംഘടനകൾ, 18 വയസ്സിൽ താളെയുള്ള കുട്ടികൾ എന്നിവർക്കാണ് ജീവദയ പുസ്‌ക്കാരം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും  www.awbi.in വെബ്‌സൈറ്റിൽ ലഭിക്കും.

 

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആർ ഡിയുടെ കീഴിൽ തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന പട്ടുവം  കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിസിഎ (രണ്ടിനും യോഗ്യത: പ്ലസ്ടു), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (എസ് എസ് എൽ സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.     അപേക്ഷാഫോറം  www.ihrd.ac.in ൽ ലഭിക്കും.  ജനുവരി 15 വരെ അപേക്ഷ കോളേജ് ഓഫീസിൽ സ്വീകരിക്കും.  ഫോൺ: 0460 2206050, 8547005048.

വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂരിക്കൊവ്വൽ വ്യവസായ എസ്റ്റേറ്റ്, അനാമയ ഹോസ്പിറ്റൽ, മുത്തപ്പൻ ക്ഷേത്രം റോഡ്, കോളനി റോഡ്, ടെലിഫോൺ ക്വാർട്ടേർസ്, കാനായി കാനം, കാനായി നോർത്ത് എന്നീ ഭാഗങ്ങളിൽ ജനുവരി 11 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

date