Skip to main content

അര്‍ഹരായവര്‍ക്കെല്ലാം ഭക്ഷ്യ ധാന്യം പൊതുവിതരണത്തിലൂടെ ലഭ്യമാക്കും : മന്ത്രി ജി ആര്‍ അനില്‍

അദാലത്തില്‍ 42 ഫയലുകള്‍ തീര്‍പ്പാക്കി

സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കെല്ലാം ഭക്ഷ്യ ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭക്ഷണം, പട്ടിണി ഇല്ലാത്ത കേരളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റേഷന്‍ കാര്‍ഡ് സംബന്ധിച്ച പോരായ്മകള്‍ മാറ്റാന്‍ വലിയ ശ്രമമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പല കാരണങ്ങളാല്‍ പിടിച്ചു വെച്ചിരുന്ന 4183 കാര്‍ഡുകള്‍ തെളിമ പദ്ധതിയിലൂടെ ഉടമകള്‍ക്ക് തിരിച്ചു ഏല്‍പ്പിച്ചു.  ഇതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. എന്‍ഐസി മുഖേന ഇ-പോസ് മെഷീന്‍ സംബന്ധിച്ച് പ്രശ്നങ്ങളില്‍ ഭൂരിഭാഗവും പരിഹരിച്ചു. രണ്ട് മാസമായി യാതൊരു വിധ പരാതികളും ഇല്ലെന്നും മന്ത്രി പറഞ്ഞു.

     42 റേഷന്‍ കടകള്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ആശ്രിതര്‍ക്ക് അംഗീകാരം നല്‍കാനുള്ള 3 കേസുകള്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ തീര്‍പ്പാക്കി പരാതിക്കാര്‍ക്ക് അറിയിപ്പ് കൈമാറി. പീരുമേട് താലൂക്കിലെ ആശ സി, ഇടുക്കി താലൂക്കിലെ സുമ, അനീഷ് എബ്രഹാം എന്നിവരുടെ പരാതിയാണ് തീര്‍പ്പാക്കിയത്. ഏഴു ലൈസന്‍സികള്‍ക്ക് അനന്തരാവകാശ രേഖകള്‍ ഹാജരാക്കുന്നതിന് മൂന്നു മാസത്തെ സാവകാശം നല്‍കി. രണ്ടെണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തിയതില്‍ പിഴ ഒടുക്കി നിബന്ധനകളോടെയും വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിനു വിധേയമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശത്തോടെ തിരിച്ചു നല്‍കി. സസ്പെന്‍ഡ് ചെയ്ത ഒരെണ്ണം പിഴ ഒടുക്കി തിരിച്ചു നല്‍കി. സ്ഥിരമായി റദ്ദുചെയ്ത ഒരെണ്ണവും തിരിച്ചു നല്‍കി.  മലയാളത്തിലൂടെ  രാജി അപേക്ഷയില്‍ ഭാഷ അറിയാതെ ഒപ്പിട്ട് നല്‍കിയത് മൂലം സ്ഥിരമായി റദ്ദ് ചെയ്ത ദേവികുളം താലൂക്കിലെ ഡി. എ ഡാനിയല്‍ രാജയുടെ ലൈസന്‍സാണ് തിരികെ നല്‍കിയത്. 21 റേഷന്‍ കടകള്‍ക്ക് നിലവിലെ ലൈസന്‍സിയെ ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോടതി പരിഗണനയിലുള്ള രണ്ടു കേസുകളില്‍ വിധിയ്ക്കനുസൃതമായി തീര്‍പ്പാക്കും. സസ്പെന്‍ഡ് ചെയ്ത അഞ്ച് പേര്‍ക്ക് പിഴ അടപ്പിച്ച് ലൈസന്‍സ് തിരിച്ചു നല്‍കി. അനന്തരാവകാശ രേഖ ഹാജരാക്കല്‍, റേഷന്‍ ക്രമക്കേടുകള്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

   അദാലത്തിന് ശേഷം മന്ത്രി ജീവനക്കാരുമായി കൂടി കാഴ്ച്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. മികച്ച രീതിയില്‍ അദാലത്ത് നടത്തിയതില്‍ മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചു. 12 ജില്ലകളില്‍ അദാലത്ത് നടത്തിയതില്‍ മികവു പുലര്‍ത്തിയ പാലക്കാട് ജില്ലയ്ക്ക് ഒപ്പം ഇടുക്കിയും ഒന്നാം സ്ഥാനം പങ്കിടുന്ന വിവരം മന്ത്രി ജീവനക്കാരെ അറിയിച്ചു.  മറ്റു ജില്ലകളില്‍ നിന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് താമസ സൗകര്യം ലഭ്യമല്ലാത്ത കാര്യം പരാതിയായി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും വിളിച്ചു പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു.

സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബു ചടങ്ങിന് മുഖ്യാതിഥി ആയിരുന്നു. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.  കൃത്യമായ റേഷന്‍ വിഹിതം എല്ലാവര്‍ക്കും എത്തിക്കുന്നതില്‍ വ്യാപാരികള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ 7 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്.

പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സിവില്‍ സപ്ലൈസ് ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍ അനില്‍ രാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ എ.കെ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date