Skip to main content

ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ ശംഖലയ്ക്ക് ഇനി ഇ-ഓഫീസ്

ജില്ലയില്‍ 2021 നവംബര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫീസും 2022 ജനുവരി 1 മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറ്റി. ഫയലുകള്‍ സുതാര്യമായും സമയബന്ധിതമായും തീര്‍പ്പാക്കുന്നതിന് ഇതിലൂടെയാണെന്ന് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.

ജില്ലയില്‍ ആകെ 3,14,639 റേഷന്‍ കാര്‍ഡുകളുണ്ട്. ആകെയുള്ള കാര്‍ഡുകളില്‍ 52.20 % മുന്‍ഗണനാ വിഭാഗത്തിലുള്ളതാണ്. എ.എ.വൈ. - 10.83 % ശതമാനവും പി.എച്ച്.എച്ച്. 41.37 ശതമാനവും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടുക്കി ജില്ലയില്‍ 3097 ഗൂണഭോക്താക്കള്‍ക്കായി എ.എവൈ വിഭാഗത്തില്‍ 1055 കാര്‍ഡുകളും 8487 പേര്‍ക്കായി പി.എച്ച്.എച്ച് വിഭാഗത്തില്‍ 2559 പൂതിയ കാര്‍ഡുകളും അനുവദിച്ചു.

 പ്രചരണം വഴി അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന 237 എ.എ.വൈ കര്‍ഡുകള്‍, 1677 പി.എച്ച്എച്ച് കാര്‍ഡുകള്‍ സ്വയം സറണ്ടര്‍ ചെയ്തു. പരിശോധന വഴി കണ്ടെത്തിയ 282 എ.എ.വൈ കാര്‍ഡുകള്‍, 957 പി.എച്ച്.എച്ച്. കാര്‍ഡ് എന്നിവ ഒഴിവാക്കി. പരാതികളിമേല്‍ 16 എ.എ.വൈ കാര്‍ഡുകള്‍, 33 പി.എച്ച്എച്ച് കാര്‍ഡുകള്‍ എന്നിവ ഒഴിവാക്കി.

പുതുതായി മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷിച്ചതില്‍ അര്‍ഹരായ 4313 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

 
ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും എ.എ.വൈ. കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ അര്‍ഹരായ 245 കുടുംബങ്ങളെ കണ്ടെത്തി. കാര്‍ഡില്ലാത്ത 204 കുടംബങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അദാലത്തുകള്‍ നടത്തി ഇവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.  

എല്ലാ താലൂക്കുകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് പദ്ധതി ആരംഭിച്ചു. ലഭിക്കുന്ന എല്ലാ അപേക്ഷകളും രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നു. അപേക്ഷകര്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നു. ജില്ലയില്‍ തെളിമ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തുന്നതിന് 155 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന്/ ഒഴിവാക്കുന്നതിന് ലഭിച്ച 105 അപേക്ഷയും തീര്‍പ്പാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തൊടുപുഴ താലൂക്കില്‍ മാത്രമായിരുന്നു സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി നിലവിലുണ്ടായിരുന്നത്. തൊടുപുഴ താലൂക്കിലെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി ഏടാട്ട് എന്ന സ്ഥലത്തെ 25 ഗോത്രകുടുംബങ്ങള്‍ക്ക് കൂടി വ്യാപിപ്പിച്ചു.

 
പീരുമേട് താലൂക്കിലെ മേമാരി, പുന്നപാറ, മുല്ല, ഭീമന്‍ചുവട്, വാക്കത്തി, കത്തി തേപ്പന്‍, കൊല്ലത്തിക്കാവ്, പ്ലാക്കത്തടം, വഞ്ചിവയല്‍ എന്നീ ഒറ്റപ്പെട്ട ഗോത്രവര്‍ഗ്ഗ മേഖലകളിലെ 330 കുടുംബങ്ങള്‍ക്ക് റേഷന്‍ വാതില്‍പ്പടി വിതരണം ജനുവരിയില്‍ ആരംഭിക്കും.

ദേവികുളം താലൂക്കിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട ഗോത്രവര്‍ഗ്ഗ മേഖലകളായ വെള്ളക്കല്‍കുടി, പുതുക്കുടി, ചമ്പക്കാട്ടുകുടി, ഒള്ളവയല്‍കുടി, വത്സപെട്ടികുടി എന്നിവിടങ്ങളിലെ 296 കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍കട ജനുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതലായും ഗോത്രവര്‍ഗ്ഗമേഖലയിലുള്ള 49 കടകളില്‍ വേരിയേഷന്‍ പോളിസി പ്രകാരം താല്‍പ്പര്യമുള്ള വെള്ളയരി മാത്രം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

date