Skip to main content

അര്‍ബുദ ബാധിതരെ കണ്ടെത്തി ചികിത്സാ സംവിധാനത്തിലേയ്ക്ക് എത്തിക്കുക പ്രധാനം: മന്ത്രി കെ രാജന്‍ 

അര്‍ബുദത്തെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ കൃത്യമായി രോഗനിര്‍ണയം നടത്തുകയും ആളുകളെ ചികിത്സാ സംവിധാനത്തിലേക്ക് എത്തിക്കുകയുമാണ് പ്രധാനമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അതിന് വേണ്ടിയാണ് കാന്‍ തൃശൂര്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കാന്‍ തൃശൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലാതല ഉദ്ഘാടനം കേരളവര്‍മ്മ കോളേജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

അർബുദ ചികിത്സയില്ലാതെ പേടിച്ച ഒരു കാലമുണ്ടായിരുന്നു. രോഗ ചികിത്സയെക്കാള്‍ പ്രധാനം രോഗം കണ്ടെത്തലാണ്. താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മാമോഗ്രാം പോലുള്ള ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരുന്നത് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെ ആര്‍ സി സിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയാണ് കാന്‍ തൃശൂര്‍. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ കെ കുട്ടപ്പന്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സതീഷ് കെ എന്‍ വിഷയാവതരണവും നടത്തി. 

കലാഭവന്‍ ആര്‍ടിസ്റ്റ് ക്ലബ് നയിക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണ കലാജാഥയില്‍ കലാപ്രകടനങ്ങളോടൊപ്പം ജില്ലയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ വീഡിയോ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കലാജാഥ എട്ടു ദിവസം കൊണ്ട് ജില്ലയിലെ 46 കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍, വാര്‍ഡ് കൗണ്‍സലര്‍മാരായ ഡോ. വി. ആതിര, പി. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹീം  വീട്ടിപറമ്പില്‍, ആരോഗ്യ കേരളം ഡി.പി.എം. ഡോ. യു.ആര്‍. രാഹുല്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എ. നാരായണമേനോന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ മീര. പി, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹരിതാദേവി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍  കെ.എന്‍. കണ്ണന്‍, ഐ.എം.എ ജില്ലാ കണ്‍വീനര്‍ ഡോ. പവന്‍ മധുസൂദനന്‍, TOGS സെക്രട്ടറി ഡോ. പ്രമിളാ മേനോന്‍, ഐ.ഡി.എ. സെക്രട്ടറി ഡോ. ഡേവിസ് തോമസ്, കാന്‍ തൃശൂര്‍ നോഡല്‍ ഓഫീസര്‍ പി.കെ. രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ്. കെ.എന്‍. നന്ദി പറഞ്ഞു.

date