Skip to main content

ഖാദി വസ്ത്രത്തിന്റെ പ്രചരണംവിപുലമാക്കണം: പി. ജയരാജൻ- ഖാദി ടവർ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസും ചേർന്ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി.) ജില്ലാതല സംരംഭത്വക ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദി വസ്ത്രനിർമാണത്തിനു പിന്നിൽ നൂൽനൂൽപ് മുതൽ തറിനെയ്ത്തുവരെ കായികാദ്ധ്വാനം നടത്തുന്ന, തുച്ഛമായ വേതനം കൈപ്പറ്റുന്ന തൊഴിലാളികളെ സഹജീവി സ്നേഹത്തോടെ സംരക്ഷിക്കണം. ഗാന്ധിജിയുടെ സ്വപ്നംപോലെ ഗ്രാമീണമേഖലയിലെ ദരിദ്രനാരായണൻമാർക്ക് തൊഴിൽ നൽകാനും സംരംഭകത്വത്തിലൂടെ തൊഴിൽദാതാവാകാനും കഴിയണം. ഇതിനായി സമൂഹവും ജനപ്രതിനിധികളും ഖാദി ജീവനക്കാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും നിഷേധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ബോർഡിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോടിമതയിൽ ഖാദിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഖാദി ടവർ നിർമിക്കാൻ നടപടിയെടുക്കുമെന്നും ഇതിനായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു.

ഖാദി തൊഴിൽ മഹത്വം എന്ന പേരിൽ കവിതയെഴുതുകയും ഖാദി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രി പി. രാജീവിന്റെയടക്കം പ്രശംസയേറ്റുവാങ്ങുകയും ചെയ്ത ചിറക്കടവിലെ നൂൽനൂൽപ്പ് തൊഴിലാളി വി.വി. രാധാമണിയെ ആദരിച്ചു. ബോർഡ് വൈസ് ചെയർമാൻ പ്രശംസാപത്രം കൈമാറി.
ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മഹാത്മാഗാന്ധി സർവകലാശാല ജീവനക്കാർക്ക് ഖാദി വസ്ത്രം ലഭ്യമാക്കുന്നതിനായി മുൻകൈയെടുക്കുന്ന എം.ജി. സർവകലാശാല എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി പ്രസിഡന്റ് ബാബുരാജ് എ. വാര്യർക്ക് ഖാദിവസ്ത്രം കൈമാറി.  
ജില്ലാ പഞ്ചായത്ത് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബോർഡംഗങ്ങളായ റ്റി.എൽ. മാണി, റ്റി.വി. ബേബി, സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ വി. വിനോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പ്രോജക്റ്റ് ഓഫീസർ ഷാജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബോർഡ് ഗ്രാമവ്യവസായ ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ, കെ.വി.ഐ.സി. അസിസ്റ്റന്റ് ഡയറക്ടർ പി. സഞ്ജീവ്, പി.എം.ഇ.ജി.പി. സംസ്ഥാന നോഡൽ ഓഫീസർ എസ്. രാജലക്ഷ്മി എന്നിവർ ക്ലാസെടുത്തു. ബോർഡ് യുവസംരംഭകർക്കായി നടത്തിയ തേനീച്ച വളർത്തൽ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

25 ലക്ഷം രൂപവരെ അടങ്കലുള്ള വ്യവസായ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ മാർജിൻ മണി സബ്സിഡിയും നൽകി പുതു സംരംഭകരെ സഹായിക്കുന്ന പദ്ധതിയാണ് പി.എം.ഇ.ജി.പി. വിജയകരമായി നടപ്പാക്കുന്ന പദ്ധതികൾ ഒരു കോടിവരെ അടങ്കലുള്ള വ്യവസായമായി വികസിപ്പിക്കാനും പദ്ധതിപ്രകാരം അവസരമുണ്ട്. നൂതന സാങ്കതിക വിദ്യകളുടെ സഹായത്താൽ ഇ-ട്രാക്കിംങ്, ജിയോ-ടാഗിംങ് സംവിധാനങ്ങളിലൂടെ നടപ്പിൽ വരുന്ന പദ്ധതികളെ അടുത്തറിയാനും സാധിക്കും.

date