Skip to main content

ബാലസംരക്ഷണ സ്ഥാപനങ്ങള്‍ സേവന സന്നദ്ധരായ കുട്ടികളെ വാര്‍ത്തെടുക്കുന്ന സ്തുത്യര്‍ഹമായ സേവന കേന്ദ്രങ്ങള്‍: പി ഉബൈദുള്ള എം.എല്‍.എ

ബാലസംരക്ഷണ സ്ഥാപനങ്ങള്‍ സേവന സന്നദ്ധരായവരെ വാര്‍ത്തെടുക്കുന്ന സ്തുത്യര്‍ഹമായ സേവന കേന്ദ്രങ്ങളാണെന്ന് പി ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ബാലസൗഹൃദ ബാലസംരക്ഷണ സ്ഥാപന മേധാവികള്‍ക്കും ജീവനക്കാര്‍ക്കുമായുള്ള ത്രിദിന പരിശീലന പരിപാടി ജില്ലാ പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതര്‍ ബാലസംരക്ഷണ സ്ഥാപനങ്ങളിലാണ്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. 90 സ്ഥാപനങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുമുണ്ട്. ഓര്‍ഫനേജ് ആക്ടിലെ ഭേദഗതികള്‍ അംഗീകരിച്ചു മുന്നോട്ടുപോകണം. ഇത്തരം സ്ഥാപനങ്ങള്‍ സദുദ്ദേശ്യത്തോടെ നിയമപരമായി നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാതല നെറ്റ്‌ബോള്‍ ത്രോയില്‍ രണ്ടാം സ്ഥാനം നേടിയ എസ്. അശ്വചിത്ര, 65-ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രയാത്തലണ്‍ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ സുനീഷ് എന്നിവര്‍ക്ക് ചടങ്ങില്‍ എം.എല്‍.എ ഉപഹാരം കൈമാറി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ചൈല്‍ഡ് ലൈനും ചേര്‍ന്ന് തയാറാക്കിയ പോസ്റ്റര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിശീലന പരിപാടിയുടെ ആദ്യദിനത്തില്‍ ' ജുവനൈല്‍ ജസ്റ്റിസ് ആക്ടും രജിസ്‌ട്രേഷനും, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഗ്രാന്റും ജുവനൈല്‍ ജസ്റ്റിസ് രജിസ്‌ട്രേഷനും എന്നീ വിഷയങ്ങളില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ക്ലാസെടുത്തു.ജില്ലാ തല ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തനൂജ ബീഗം, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പലും ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. കെ അസീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി സ്വാഗതവും പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. പരിശീലനത്തില്‍ ' കെയര്‍ ടേക്കര്‍ ഒരു സാരഥി, സ്ഥാപനത്തിന്റെ നടത്തിപ്പ്-ബാലനീതി നിയമത്തിലൂടെ, സമീകൃത ആഹാരം എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും. സ്ഥാപന മേധാവികള്‍, കെയര്‍ടേക്കര്‍, വാര്‍ഡന്‍, കൗണ്‍സിലര്‍, സൈക്കോളജിസ്റ്റ് എന്നിവര്‍ക്കായാണ് പരിശീലനം.

date