Skip to main content
ഡിജിറ്റൽ സർവ്വേയ്ക്ക് ഉപയോഗിക്കുന്ന ഡ്രോൺ, ഡ്രോൺ സർവ്വേക്കായി ഭൂമിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു

ഡ്രോൺ, കോർസ്, റോബോട്ടിക് ഇ.ടി.എസ്; വരുന്നു ഡിജിറ്റൽ ഭൂസർവ്വേ

ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ 133 വില്ലേജുകളിലും നാല് വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങി.  ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം ഒറ്റ പോർട്ടൽ വഴി നേരിട്ട് സുതാര്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റവന്യു വകുപ്പിന്റെ റെലിസ് (RELIS), രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ  (PEARL), സർവേ വകുപ്പിന്റെ ഇ-മാപ്സ് (E-MAPS) എന്നീ സോഫ്റ്റ്വെയറുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ  (SVAMITVA) പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു കഴിഞ്ഞു.  ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.
ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ തെരെഞ്ഞെടുത്ത 14 വില്ലേജുകളിൽ ഉൾപ്പെട്ട കണ്ണൂർ-1, കണ്ണൂർ-2, കോട്ടയം, തലശ്ശേരി എന്നീ ജനനിബിഡമായ വില്ലേജുകൾ ഡ്രോൺ ഉപയോഗിച്ച് സർവ്വേ ചെയ്യും. നിശ്ചിത സമയത്തിനകം സർവ്വെ പൂർത്തിയാക്കാൻ ഭൂവുടമകളുടെ അറിവും സമ്മതവും പൂർണമായ സഹകരണവും ആവശ്യമുണ്ട്.. ആദ്യഘട്ടത്തിൽ ഡ്രോൺ സർവ്വേ കണ്ണൂർ താലൂക്കിലെ കണ്ണൂർ-1 വില്ലേജിൽ ജനുവരി 27, 28 തീയ്യതികളിലും കണ്ണൂർ-2 വില്ലേജിൽ ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെയും നടത്തും. രണ്ടാം ഘട്ടത്തിൽ തലശ്ശേരി താലൂക്കിലെ കോട്ടയം വില്ലേജിൽ ഫെബ്രുവരി 11 മുതൽ 14 വരെയും തലശ്ശേരി വില്ലേജിൽ മാർച്ച് 21 മുതൽ 22 വരെയും ഡ്രോൺ സർവ്വേ നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്.

20 ശതമാനം പ്രദേശത്ത് ഡ്രോൺ സർവ്വേ

ഡിജിറ്റൽ സർവ്വേക്കായി സംസ്ഥാനത്താകെ 28 കോർസ് (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ) സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാല് കോർസ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. കോർസ് സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താൽ ആർ.ടി.കെ (റിയൽടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓൺലൈൻ രീതിയിൽ സർവ്വേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കുവാൻ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവ്വേ നടത്തും. പ്രസ്തുത രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചും മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കും.

ഡിജിറ്റൽ ഭൂസർവ്വേ കൊണ്ടുള്ള നേട്ടങ്ങൾ

* ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നു.
* ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാകുന്നു.
* അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
* അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്നു
* വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
* സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു
* ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു.
 

ജനങ്ങളുടെ സഹകരണം അനിവാര്യം

ജില്ലയിൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനം സുഗമമാക്കുന്നതിന്, ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകണം. ആകാശ കാഴ്ച ലഭ്യമാക്കുന്നതരത്തിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തി ഡ്രോൺ സർവ്വേയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരണം.
കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവ്വേയുമായി ബന്ധപ്പെട്ട് വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം ജനുവരി 13ന് ഉച്ച മൂന്നിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും

date