Skip to main content

ഹരിത ഓഫീസ് സാക്ഷ്യപത്രം വിതരണം ചെയ്തു

ജൈവ-അജൈവ മാലിന്യ പരിപാലനത്തില്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ഹരിതചട്ട പരിപാലനം നടത്തിയ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത ഓഫീസ് സാക്ഷ്യപത്രം എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍ വിതരണം ചെയ്തു. കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ചെമ്പഴന്തി എസ്.എന്‍.കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) എന്നീ സ്ഥാപനങ്ങള്‍ക്കാണ് സാക്ഷ്യപത്രം വിതരണം ചെയ്തത്. യു.ജി.സിയുടെയും ദേശീയ കൗണ്‍സിലിന്റെയും അക്രഡിറ്റേഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളിലൊന്നാണ് ഹരിതചട്ട പരിപാലനം. ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ പരിശോധനയില്‍ 'എ' ഗ്രേഡായാണ് മൂന്ന് സ്ഥാപനങ്ങള്‍ക്കും ലഭിച്ചത്.

ചെമ്പഴന്തി എസ്.എന്‍ കോളേജിനുവേണ്ടി പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാര്‍ എസ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിനുവേണ്ടി ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ ലെഫ്റ്റനന്റ് ഡോ. ജി.ജെ ഷൈജു, നിഷിനു വേണ്ടി അക്കാഡമിക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡെയ്‌സി സെബാസ്റ്റ്യന്‍ എന്നിവര്‍ സാക്ഷ്യപത്രം ഏറ്റുവാങ്ങി.

ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍ എന്നിവര്‍ പങ്കെടുത്തു.

date