Skip to main content

കോവിഡ് കേസുകളിലെ വര്‍ധനവും രോഗസ്ഥിരീകരണ നിരക്കും ആശങ്കാജനകം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനുവരി ഒന്നിന് രോഗികള്‍ 138, ജനുവരി 18ന് 1375

ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവും രോഗസ്ഥിരീകരണ നിരക്കും ആശങ്കപ്പെടുത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക അറിയിച്ചു . ഈ വര്‍ഷം ജനുവരി ഒന്ന്  മുതല്‍ പ്രതിദിന കേസുകളും രോഗസ്ഥിരീകരണ നിരക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 2022 ജനുവരി ഒന്നിന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 138 ആയിരുന്നു. 3.88 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജനുവരി ഏഴ് മുതലാണ് ജില്ലയില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായത്. ജനുവരി ഏഴിന് 260 ആയിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. ജനുവരി 18 ആയപ്പോഴേക്കും 1375 ആയി ഉയരുകയായിരുന്നു. ജനുവരി ഒന്നിന് സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്ക് രോഗബാധ ഉണ്ടായെങ്കില്‍ ജനുവരി 18ന് 1297 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.19 ആയി ഉയരുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍
സ്വയം നിയന്ത്രണങ്ങളും കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളും കൊണ്ട് മാത്രമേ കോവിഡിനെ മറികടക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഡി.എം.ഒ പറഞ്ഞു. ഓരോ ദിവസവും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗികളാകുന്നവരുടെ എണ്ണം കൂടിവരികയാണ്. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും രോഗലക്ഷണങ്ങള്‍ ഉള്ളവരും, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്നവരും ഒക്കെ നിയന്ത്രണങ്ങള്‍ പാലിക്കാതെ മറ്റുള്ളവരുമായി ഇടപെടുന്നതുമാണ് സമ്പര്‍ക്കത്തിലൂടെ രോഗികളാകുന്നവരുടെ എണ്ണം കൂടാനിടയാക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരും, രോഗികളുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരും സ്വയം നിരീക്ഷണത്തില്‍ തുടരേണ്ടതും ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. സമൂഹവ്യാപനം തടയുന്നതിന് ഇത് അത്യാവശ്യമാണെന്ന് ഡി.എം.ഒ പറഞ്ഞു. കോവിഡ്  വ്യാപനം ഉയര്‍ന്നിട്ടും ആശുപത്രിവാസമോ ഐ.സി.യു പ്രവേശന നിരക്കോ കൂടാതിരിക്കുന്നത് കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ്. രോഗം ബാധിച്ചാലും ഗുരുതരമാകാതിരിക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കും. അതിനാല്‍ ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം  വാക്‌സിന്‍ എടുത്ത് സുരക്ഷിതരാവണമെന്നും ഡി.എം.ഒ അറിയിച്ചു.
 

date