Skip to main content

എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍

കോവിഡ് മരണാനന്തര ധനസഹായ അപേക്ഷ സമര്‍പ്പിക്കല്‍: 

എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും
ഞായര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍

അപേക്ഷിക്കാനുള്ളവര്‍ വില്ലേജ് ഓഫീസുകളെയോ
അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കണം

    കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്‍കുന്ന എക്സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും ഞായറാഴ്ച(ജനുവരി 30) തുറന്നുപ്രവര്‍ത്തിക്കണമെന്നു ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടു. എല്ലാ വില്ലേജ് ഓഫീസര്‍മാരും അവരുടെ ലോഗിനില്‍ ഞായര്‍ വൈകിട്ട് നാലുവരെയുള്ള എക്സ് ഗ്രേഷ്യ അപേക്ഷകള്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കി അഞ്ചിനകം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 

    ഡെപ്യൂട്ടി തഹസില്‍ദാര്‍, ക്ലര്‍ക്ക് ഉള്‍പ്പെടെ 5-6 ജീവനക്കാരെ ഉള്‍പ്പെടുത്തി താലൂക്ക് ഓഫീസുകള്‍ വില്ലേജ് ഓഫീസുകളിലെ എക്സ് ഗ്രേഷ്യ നടപടിക്രമങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ദുരന്തനിവാരണം, ഫിനാന്‍സ്, അക്കൗണ്ട് സെക്ഷനുകളിലെ 15 ജീവനക്കാരെ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ വൈകിട്ട് ഏഴിനകം എക്സ് ഗ്രേഷ്യ അപേക്ഷാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ട്രഷറിക്കു സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റ് എന്നിവടങ്ങളില്‍ എക്സ് ഗ്രേഷ്യ അപേക്ഷ സംബന്ധിച്ച നടപടിക്രമങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് എഡിഎം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

    ഇനിയും അപേക്ഷ സമര്‍പ്പിക്കുവാനുള്ളവര്‍ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ ഉടന്‍ സമീപിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് (ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്-ഡിഡിഡി) നല്‍കേണ്ടതില്ല. ലീഗല്‍ ഹയര്‍ഷിപ്പ്(അനന്തരാവകാശ) സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയാകും. അപേക്ഷിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍, അക്ഷയകേന്ദ്രങ്ങള്‍ ആവശ്യമായ സഹായം നല്‍കുമെന്നും  കളക്ടര്‍ പറഞ്ഞു.

date