Skip to main content

പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

ജില്ലയുടെ ഭൂജലവിതാനത്തിന്റെ തല്‍സ്ഥിതിയും പ്രത്യേകതകളും ഉള്‍ക്കൊണ്ട് പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഊര്‍ജ്ജിതമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആസൂത്രണത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ കേന്ദ്ര ഭൂജല ബോര്‍ഡ് പ്രതിനിധികള്‍ അവതരിപ്പിച്ച തൃശൂര്‍ ജില്ലയുടെ ജലസ്തര മാപ്പിംഗിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

കുത്തനെ ചരിവുള്ള ഭൂപ്രകൃതിയും, ഉപരിതല ജലസ്തരത്തിന്റെ കനം കുറവും, ഇടനാടന്‍ പ്രദേശങ്ങളില്‍ അമിതമായി കുഴല്‍ കിണറിനെ ആശ്രയിക്കുന്നതും, നീണ്ട തീരപ്രദേശം, കോള്‍ നിലത്തിന്റെ സാന്നിദ്ധ്യം എന്നിവ മൂലം ജില്ലയ്ക്കാവശ്യമായ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു. കാലവര്‍ഷത്തിലും വേനല്‍ മഴയിലും അനുഭവപ്പെടുന്ന അസ്ഥിരത, തീവ്ര നഗരവല്‍ക്കരണം എന്നിവയും ജില്ലയുടെ ഭൂജല വിതാനത്തിന്റെ അളവിനെയും ഗുണത്തെയും കാര്യമായി ബാധിക്കുന്നതായും ജില്ലയിലെ 7 ബ്ലോക്കുകളിലായി 25 ഗ്രാമ പഞ്ചായത്തുകളില്‍ പ്രാദേശികമായി രൂക്ഷമായ ജലക്ഷാമം നേരിടുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കുംകര, ദേശമംഗലം, തിരുവില്വാമല, വള്ളത്തോൾ നഗർ, ഒരുമനയൂർ, കടപ്പുറം, വേലൂക്കര, പുത്തൂർ, എറിയാട്,  എടവിലങ്ങാട്,  ഏങ്ങണ്ടിയൂർ, തളിക്കുളം, എസ് എൻ പുരം, പെരിഞ്ഞനം തുടങ്ങിയ പഞ്ചായത്തുകളിലാണ് ജല ക്ഷാമം രൂക്ഷമാവുക. ജലലഭ്യതയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന  ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ജല സംരക്ഷണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കേണ്ടതിനെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. കൂടാതെ ജില്ലയിലെ 63 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികളും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച നീര്‍ത്തട മാസ്റ്റര്‍ പ്ലാനും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി മാസ്റ്റര്‍ പ്ലാനും ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി. 

ജില്ലാ ആസൂത്രണ ഭവനില്‍ ഓൺലൈനായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ. ജിജു പി അലക്‌സ്, ഗവ. നോമിനി ഡോ.എം എന്‍ സുധാകരന്‍, ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും എസ് ആര്‍ ജി അംഗവുമായ അനൂപ് കിഷോര്‍, ജില്ലാ പ്ലാനിംഗ് ഓഫീസർ,  ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date