Skip to main content

പട്ടികവര്‍ഗ കോളനിയിലെ അടിസ്ഥാന വികസനങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കും

പട്ടികവര്‍ഗ കോളനിയിലെ അടിസ്ഥാന വികസനങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കാൻ തീരുമാനം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന  ജില്ലാതല യോഗത്തിലാണ് തീരുമാനം. 

പട്ടികജാതി-പട്ടികവർഗ വിഭാഗത്തില്‍പെട്ടവരുടെ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മെച്ചപ്പെടുത്തുക. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും കോര്‍പസ് ഫണ്ടുകള്‍ യഥാസമയം ചെലവഴിക്കുന്നതിനും യോഗം തീരുമാനിച്ചു.  വിവിധ പട്ടികവര്‍ഗ കോളനികളിലെ പുരോഗമിക്കുന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കലക്ടർ ഹരിത വി കുമാർ നിർദ്ദേശിച്ചു. 

ജില്ലയിൽ നിലവിൽ പൂർത്തിയായ പദ്ധതികളെ സംബന്ധിച്ചും ഭരണാനുമതി നൽകിയ പുതിയ പദ്ധതികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം പ്രവൃത്തികൾ കാലതാമസമില്ലാതെ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. 2021- 2022 വർഷത്തിൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ കോർപസ് ഫണ്ട് വിനിയോഗം സംബന്ധിച്ച് യോഗം  അംഗീകരിച്ചു. ഈ വർഷത്തിൽ അംഗീകരിച്ച മൂന്ന് പദ്ധതികളുടെ ഭേദഗതിയും കമ്മിറ്റി അംഗീകരിച്ചു. കൂടാതെ, 2021-22 വർഷത്തിൽ ഭരണാനുമതി നൽകിയ 11 പ്രവർത്തികളും യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മാങ്ങാട്ട്, ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

date