Skip to main content

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസമായി മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ആശ്വാസകേന്ദ്രം തീർത്ത് മതിലകം ജനമൈത്രി പോലീസും ജനപ്രതിനിധികളും. ശ്രീനാരായണപുരം കോതപറമ്പ് കിഴക്ക് വശം വാർഡ് 11 ൽ താമസിക്കുന്ന ചേന്ദംകാട്ട് വിനയൻ- ലീല ദമ്പതികൾക്കാണ് അവസരോചിതമായ ഇടപെടൽ മൂലം പരിചരണവും അഭയകേന്ദ്രവും ലഭ്യമായത്. മക്കളില്ലാത്ത ദമ്പതികളായ 74 വയസ്സുള്ള വിനയനും 70 വയസ്സുകാരിയെ ലീലയും ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ നാല് മാസമായി കിടപ്പു രോഗിയായ ഭാര്യയെ ഭർത്താവാണ് പരിചരിച്ച് പോന്നിരുന്നത്. മക്കളില്ലാത്തതിനാലും ബന്ധുക്കളുടെ സഹായം ലഭിക്കാത്തതിനാലും നാട്ടുകാരും അയൽവാസികളുമാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത്. രണ്ട് ദിവസമായി  വാതിൽ തുറക്കാത്തതിനെ തുടർന്ന്  അയൽവാസികൾ വാർഡ് മെമ്പർ സജിതയെ വിവരമറിയിച്ചതിനെ തുടർന്ന് മതിലകം  പോലീസിൽ വിവരം അറിയിക്കുകയും പോലീസ് അധികാരികളുടെ സഹകരണത്തോടെ ആശുപത്രിയിൽ ചികിത്സയും ലഭ്യമാക്കി. സ്വന്തം വീട്ടിൽ പരസഹായമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ പരിചരിക്കാൻ അടുത്ത ബന്ധുക്കളാരും തയ്യാറായില്ല. തുടർന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഇടപെട്ട് എടവിലങ്ങ് ആശ്രയം അഗതിമന്ദിരത്തിലേക്ക് പരിചരണത്തിനായി അധിവസിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.  എം എൽ എയോടൊപ്പം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ, മതിലകം പോലിസ് പ്രിൻസിപ്പൽ ഇൻസ്പെക്ടർ വിമൽ , വാർഡംഗം സജിത,പൊതു പ്രവർത്തകരായ സതീഷ് കുമാർ, ആഷിക് തുടങ്ങിയവരുടെയും സാന്നിധ്യത്തിൽ   അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

date