Skip to main content

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിറ്റി റോഡ്, തെക്കീ ബസാർ ഫ്ളൈ ഓവർ, മേലെ ചൊവ്വ അണ്ടർ പാസ് എന്നിവയുടെ പ്രവൃത്തി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരത്തിലെ അഴിയാക്കുരുക്ക് പരിഹരിക്കുക എന്നത് നാടിന്റെ പ്രധാന ആവശ്യമാണ്. പദ്ധതികൾക്ക് ചില കേന്ദ്രങ്ങളിൽനിന്ന് തടസ്സങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എന്ത് വില കൊടുത്തും മൂന്നു പദ്ധതികളും സമയബന്ധിതമായി നടപ്പാക്കും. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലെപോലെ കണ്ണൂരിലും വികസനം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.  നിലവിലുള്ള തടസ്സങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ട ടെൻഡർ നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അണ്ടർ പാസ്, ഫ്‌ളൈ ഓവർ എന്നിവയുടെ ടെൻഡർ നടപടി ഉടൻ ആരംഭിക്കും. മൂന്നു പദ്ധതികളുടെയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. മൂന്നു പദ്ധതികൾക്കുമായി പ്രത്യേക ലെയ്‌സൺ ഓഫീസർമാരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ്സിംഗ്, ജോയിന്റ് സെക്രട്ടറി എസ് സാബശിവറാവു, കേരള  റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡി എസ് സുഹാസ്, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ എന്നിവർ  യോഗത്തിൽ പങ്കെടുത്തു.

date