Skip to main content

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

ജില്ലയില്‍ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍കണ്ട് ഫലപ്രദമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കേന്ദ്ര ഭൂജല ബോര്‍ഡ് പ്രതിനിധികള്‍ അവതരിപ്പിച്ച തൃശൂര്‍ ജില്ലയുടെ ജലസ്തര മാപ്പിംഗിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ 25 ഗ്രാമ പഞ്ചായത്തുകളില്‍ പ്രാദേശികജലക്ഷാമം നേരിടുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമാവുക എന്ന് പരിശോധിച്ച് അടിയന്തര ഇടപെടലുകള്‍ നടത്തും. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍വ്വസന്നാഹവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ആരോഗ്യവിഭാഗം മികച്ച രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ 10 ശതമാനം സബ്‌സിഡി നല്‍കി ജനകീയ അടുക്കളകള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതൽ സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. നിലവില്‍ മുളങ്കുന്നത്തു കാവ് കിലയില്‍ സിഎഫ്എല്‍ടിസി പ്രവര്‍ത്തിക്കുന്നുണ്ട്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നാട്ടിക, മതിലകം തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന സിഎഫ്എല്‍ടിസികള്‍ വീണ്ടും ഏറ്റെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍, ഡയാലിസിസ് രോഗികള്‍ എന്നിവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണതയുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന രോഗികളെ അവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ തന്നെ കോവിഡ് ചികിത്സയ്ക്ക് വിധേയമാക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും കലക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനസാഹചര്യത്തില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ ഡോ എന്‍ കെ കുട്ടപ്പന്‍ അറിയിച്ചു. ജില്ലയില്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ സ്ഥാപിക്കും. ജില്ലയിലെ 96 ശതമാനം കോവിഡ് രോഗികളും വീടുകളില്‍ തന്നെയാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ ആര്‍ആര്‍ടികള്‍ 90 ശതമാനവും സജീവമായിക്കഴിഞ്ഞു. എന്‍എസ്എസ് വളണ്ടിയർമാരുടെ സേവനവും ആര്‍ആര്‍ടികള്‍ ശക്തിപ്പെടുത്താനായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടെലിമെഡിസിൻ സംവിധാനവും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ഇ സഞ്ജീവനി  പോലുള്ള സംവിധാനത്തിലൂടെ വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി കാന്‍സര്‍ ഡേ കെയര്‍ സെന്ററുകളും സജീവമാണ്. സംസ്ഥാനത്ത് വാക്‌സിനേഷന്റെ കാര്യത്തില്‍ ഒന്നാമതാണ് തൃശൂര്‍ ജില്ല. എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഡി എം ഒ വിവരിച്ചു. 

ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ 90 ശതമാനവും പൂര്‍ത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ കുട്ടികള്‍ കൂട്ടം കൂടുന്ന സാഹചര്യവും സംബന്ധിച്ച് ക്ലാസ് പിടിഎകളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകളിലെ പബ്ലിക് അഡ്രസ്സ് സിസ്റ്റം മുഖേന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ എംഎല്‍എമാരായ എ സി മൊയ്തീന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, കെ കെ രാമചന്ദ്രന്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍, സി സി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, എഡിഎം റെജി പി ജോസഫ്, ഡിപിഎം രാഹുല്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍ കെ ശ്രീലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date