Skip to main content

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണം

    ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്നതിനു ആരോഗ്യമന്ത്രി നിര്‍ദേശിച്ചുള്ളതിനാല്‍ നീക്കിവയ്ക്കപ്പെട്ട കിടക്കകള്‍, ഐ.സി.യു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍,  ഓരോ ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം, ശതമാനം, അവശേഷിക്കുന്ന കിടക്കകള്‍ എന്നിവ പ്രതിദിനം ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഐ.ഡി.എസ്.പി യൂണിറ്റ് എന്നിവിടങ്ങളിലേക്ക് നിര്‍ദ്ദിഷ്ട ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു.  നിലവിലെ കിടക്കകളുടെ ലഭ്യതയും ചികിത്സയിലുള്ളവരുടെ എണ്ണവും ഡ്രൈവ് അപ്‌ഡേറ്റും ചെയ്യണം. കൂടാതെ ഈ വിവരങ്ങള്‍ കൃത്യമായി കോവിഡ് ജാഗ്രതാ പോര്‍ട്ടലിലും ചേര്‍ക്കണം. 

    ഓരോ സ്വകാര്യ ആശുപത്രിയും ഇതിനായി കോവിഡ് നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തണം. ഈ നോഡല്‍ ഓഫീസറിന്റെ നമ്പര്‍ അടിയന്തരമായി നിര്‍ദ്ദിഷ്ട ഇ-മെയില്‍ വിലാസങ്ങളില്‍ മെയില്‍ ചെയ്യണം.  

    കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എ, ബി, സി കാറ്റഗറി തിരിച്ചുള്ള ലൈന്‍ ലിസ്റ്റ് റിപ്പോര്‍ട്ടുകള്‍, ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങളുടെ വിവരം എന്നിവ (24 മണിക്കൂറിനകം idspekm@gmail.com ലേക്ക് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

date