Skip to main content

എരഞ്ഞോളി പുതിയ പാലം  മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു

തലശ്ശേരി എരഞ്ഞോളി പുതിയ പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എൻ ഷംസീർ എം എൽ എയും സ്‌കൂട്ടറിൽ പാലത്തിൽ കൂടി സഞ്ചരിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പിന്നാലെ നിരവധി വാഹനങ്ങളും പാലത്തിൽ കൂടി കടന്നു പോയി. ഈ ഭാഗത്തെ ഗതാഗത കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമായി.
തലശ്ശേരി നഗരlസഭാ ചെയർപേഴ്സൻ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീഷ, മുൻ ചെയർമാൻ സി കെ രമേശൻ, തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കെ എസ് ടി പി പദ്ധതിയിലുൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായാണ് പഴയപാലത്തിന് സമാന്തരമായി 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചിലവാക്കി നിർമ്മിച്ചത്.
നടപ്പാത, ആവശ്യമായ റോഡ് മാർക്കിങ്, റോഡ് സ്റ്റഡ്സ്, സൈൻബോർഡുകൾ, സോളാർ തെരുവ് വിളക്ക് മുതലായവ പാലത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം പാലത്തിൻറെ രണ്ടു വശത്തായി 12 മീറ്റർ നീളവും, 12 മീറ്റർ വീതിയും ഉള്ള ഓരോ വെഹിക്കിൾ അണ്ടർ പാസ് നിർമിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോൺ പ്രൊട്ടക്ഷൻ വാളോടു കൂടിയ അപ്രോച്ച് റോഡ് 570 മീറ്റർ നീളത്തിൽ നിർമിച്ചിട്ടുണ്ട്. മറ്റ് അപ്രോച്ച് റോഡുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പാലത്തിനു സമാന്തരമായി സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്

date