Skip to main content

ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി

സെർവർ തകരാർ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വൻ വർദ്ധനവ്.  ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരുടെ എണ്ണത്തിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് വർദ്ധനവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.  സംസ്ഥാനത്ത് നിലവിലുള്ള 91,81,378 റേഷൻ കാർഡുടമകളിൽ 85.40 ശതമാനം (78,38,669) പേർ റേഷൻ വിഹിതം കൈപ്പറ്റി.  തിങ്കളാഴ്ച 8,09,126 കാർഡുടമകൾ റേഷൻ കൈപ്പറ്റി.  സെപ്റ്റംബർ, ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കാർഡുടമകളുടെ എണ്ണവും വാങ്ങിയ ശതമാനവും:  സെപ്റ്റംബർ- 91,10,237 - 77.39 ശതമാനം, ഒക്‌ടോബർ- 91,25,164 - 82.45 ശതമാനം, നവംബർ- 91,43,427- 80.89 ശതമാനം, ഡിസംബർ- 91,64,822- 82.56 ശതമാനം.
റേഷൻ കടകളുടെ പ്രവർത്തന സമയം, റേഷൻ വിതരണം, സ്റ്റോക്കുകളുടെ ലഭ്യത, ഇ-പോസ് മെഷീന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിനായി സിവിൽ സപ്ലൈസ് ഡയറക്‌ട്രേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.  റേഷൻ കടകളിൽ നിലവിലുള്ള നെറ്റ്‌വർക്ക്  സംബന്ധമായ വിഷയങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനും യുക്തമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി സംസ്ഥാനത്ത് പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.  ഇന്ന് (ഫെബ്രു.1) മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 436/2022

date