Skip to main content

കുട്ടികളിലെ കോവിഡ്;  ജാഗ്രത വേണം

ആലപ്പുഴ: കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍  വീടുകളില്‍ ചികിത്സ നടത്താതെ ശിശുരോഗ വിദഗ്ധന്‍റെ സേവനം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. തൊണ്ടവേദന, തൊണ്ട കുത്തിയുള്ള ചുമ, ശരീരോഷ്മാവ് 104 ഡിഗ്രി വരെയുള്ള പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവഗണിക്കരുത്. 

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവിലും ഇടവേളകളിലും നല്‍കണം. ആറു മണിക്കൂറില്‍ ഒരു തവണയെങ്കിലും മൂത്രം നന്നായി പോയില്ലെങ്കില്‍ നിര്‍ജ്ജലീകരണത്തിന്‍റെ സൂചന തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോകണം. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കൊടുക്കണം. മുലകുടിക്കുന്ന കുട്ടികള്‍ക്ക് മുലയൂട്ടല്‍ തുടരണം. 

ചൂട് കുറഞ്ഞിരിക്കുമ്പോഴും കുഞ്ഞിന് ക്ഷീണം അനുഭവപ്പെടുക, മുലപ്പാല്‍ കുടിക്കാതിരിക്കുക, മൂത്രം പോകുന്നത് കുറയുക, കൈകാലുകളില്‍ തണുപ്പ്, ചുണ്ടീന് നീല നിറം, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട്, ശ്വാസം എടുക്കുമ്പോള്‍ തൊണ്ടയും നെഞ്ചും കുഴിഞ്ഞുവരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാലും ആശുപത്രിയില്‍ ചികിത്സ തേടണം. 

കോവിഡ് മുക്തരായതിനു ശേഷവും കുഞ്ഞുങ്ങള്‍ക്ക് അവയവ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രത്തിന് സാധ്യതയുണ്ട്. കോവിഡ് മുക്തമായതിനുശേഷം രണ്ടു മാസത്തിനുള്ളില്‍ പനിയോടൊപ്പം ദേഹത്ത് ചുവന്ന പാട്, ഛര്‍ദ്ദില്‍ അല്ലെങ്കില്‍ വയറിളക്കം, കണ്ണും ചുണ്ടും ചുവക്കുക, അസഹനീമായ വയറുവേദന എന്നിവയുണ്ടെങ്കില്‍ ശിശുരോഗ വിദഗ്ധനെ കാണിക്കണം. 

വീട്ടില്‍ കോവിഡ് ബാധിതര്‍ ഉണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ പനി കോവിഡ് ആകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രത കാണിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date