Skip to main content

കുഷ്ഠരോഗ നിർമാർജ്ജനം ലക്ഷ്യമിട്ട് ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും

ദേശീയ കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. അന്തസിനായി ഒരുമിക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം. കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാൻ രോഗബാധിതരെയും രോഗമുക്തി നേടിയവരെയും പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ത്വക്ക് രോഗ നിർണയ ക്യാമ്പുകളും അതിഥി തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടന്നു വരുന്നു.

തൊലിപ്പുറത്തുണ്ടാകുന്ന സ്പർശനശേഷി കുറഞ്ഞതോ, സ്പർശന ശേഷി ഇല്ലാത്തതോ, നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകൾ, ബാഹ്യ ഞരമ്പുകളിലെ തടിപ്പും വേദനയും, ബലക്ഷയം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ. ആറ് മാസം മുതൽ 12 മാസം വരെ നീണ്ട് നിൽക്കുന്ന ചികിത്സയിലൂടെ രോഗം ഭേദമാക്കാം. സർക്കാർ ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. രോഗാണുക്കൾ അടങ്ങിയ വായു ശ്വസിക്കുന്നതിലൂടെയോ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയോ കുഷ്ഠരോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

date