Skip to main content

കാൻസെൽഫി കാമ്പയിന്‍ കളക്ടര്‍ ഉദ്ഘാടനം ചെയ്തു 

 

ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും കാന്‍സർ രോഗം പ്രതിരോധിക്കുന്നതില്‍ ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച കാന്‍സെല്‍ഫി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രോഗം വരാതിരിക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരായിരിക്കണം. പരിശോധനയിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ഉറപ്പാക്കുന്നതും പ്രധനമാണ്. ഇതിനുള്ള ഫലപ്രദമായ ഇടപെടലാണ് കാന്‍ സെല്‍ഫി കാമ്പയിന്‍ -അദ്ദേഹം പറഞ്ഞു. 

കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കാന്‍സെല്‍ഫി കാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിച്ചു. 

കാന്‍സര്‍ പ്രതിരോധത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ കളക്ടറേറ്റ് അങ്കണത്തില്‍ പ്രത്യേക വീഡിയോ പ്രദര്‍ശനവും അവതരണവും നടത്തി.  

ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date