Skip to main content

ലോക അർബുദ ദിനം: ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു

 
കോട്ടയം: ലോക അർബുദ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയാറാക്കിയ ബോധവത്ക്കരണ വീഡിയോയുടെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.

പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. പി.എസ് ശബരീനാഥാണ് നാല് മിനിറ്റു ദൈർഘ്യമുള്ള വീഡിയോയിൽ ക്യാൻസർ ബോധവത്ക്കരണം നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ, ലഘുലേഖകൾ ഇ-സഞ്ജീവനി സേവനം സംബന്ധിച്ച പോസ്റ്ററുകൾ തുടങ്ങിയവയും മന്ത്രി പ്രകാശനം ചെയ്തു. ആരോഗ്യ ദിനങ്ങൾ രേഖപ്പെടുത്തിയ കലണ്ടറും മന്ത്രി പ്രകാശനം ചെയ്തു.

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വീടുകളിൽ ചികിൽസയിൽ കഴിയുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇ- സഞ്ജീവനി പോർട്ടൽ എങ്ങനെ ഉപയോഗിക്കാം എന്നീ വിവരങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. 50,000 ലഘുലേഖകൾ കുടുംബശ്രീ-ആശാ പ്രവർത്തകർ മുഖേന വിതരണം ചെയ്യും. കോവിഡ് ബോധവത്ക്കരണത്തിനായി 10 ദിവസം നീണ്ടു നിൽക്കുന്ന റോഡ് ഷോയ്ക്കും ഇന്നലെ തുടക്കമായി.

ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.
 

date