Skip to main content

പി.ഡബ്ല്യു.ഡി. വിജിലന്‍സ് വിങ്ങിനെ ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

തകരാറില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണികള്‍, ഗുണനിലവാരം ഉറപ്പാക്കാതെയുള്ള പണികള്‍ എന്നിവ നടത്തുന്നതു കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പ് പുതുതായി രൂപവത്കരിച്ച വിജിലന്‍സ് സംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് സൈറ്റുകളില്‍ എത്തിച്ചേരാന്‍ വാഹന സൗകര്യമൊരുക്കും. പണിനടക്കുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

വകുപ്പിനെ സുതാര്യമാക്കുന്ന സംവിധാനമായാണ് വിജിലന്‍സ് സംഘത്തെ നിയോഗിച്ചത്. ജനങ്ങളില്‍ നിന്നുള്ള പരാതികളില്‍ സംഘം നേരിട്ടെത്തി പരിശോധിച്ച് നടപടി സ്വീകരിക്കും.കേടുപാടുകളില്ലാത്ത റോഡുകളിലാണോ പ്രവൃത്തി നടക്കുന്നത്, വകുപ്പിന്റെ അധീനതയില്‍പ്പെടാത്ത റോഡുകള്‍ക്ക് പൊതുമരാമത്ത് ഫണ്ട് വിനിയോഗിക്കുന്നുണ്ടോ, എസ്റ്റിമേറ്റ് പ്രകാരമുള്ള അറ്റകുറ്റപണി, അസംസ്‌കൃത വസ്തുക്കള്‍, ഉപയോഗ രീതി തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും. നിലവില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണുള്ളത്. കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികള്‍ തിരുവനന്തപുരം, എറണാകുളം , കോഴിക്കോട് മേഖലകളിലായി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ലെന്നും നാടിന്റെ പണം കൊള്ളയടിക്കാന്‍ സമ്മതിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date