Skip to main content

സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറാകളാണ് സജ്ജീകരിക്കുക. ക്യാമറാ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണമാണുള്ളത്. ഇലക്ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറാകള്‍ സ്ഥാപിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക്  നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും ചെയ്യും.

അത്യാധുനിക സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളായതിനാല്‍ വിവിധ തരം ട്രാഫിക് നിയമ ലംഘനങ്ങള്‍ വേര്‍തിരിച്ചു കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഹെല്‍മറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ എന്നിങ്ങനെ ഏത് തരം നിയമലംഘനവും വേര്‍തിരിച്ചറിയാം.

ഹെല്‍മറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തന്‍ ക്യാമറ കണ്ടുപിടിച്ചിരിക്കും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിത വേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യതയില്ലാത്ത നമ്പര്‍പ്ലേറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരെ വച്ച് ഓടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളും ഇതിലൂടെ കണ്ടെത്താനാവും. അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകമായതോടെ ഇത്തരം ക്യാമറകള്‍ക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകള്‍ സഹായകരമാകും. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിര്‍മിതബുദ്ധി ക്യാമറകള്‍ക്കു സാധിക്കും.

സൗരോര്‍ജ്ജത്തില്‍  പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍  അവ സ്ഥാപിക്കുന്ന പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകള്‍, എല്‍.ഇ.ഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് നിരീക്ഷണ ക്യാമറകള്‍. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. വരും കാലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡരികില്‍ വാഹന പരിശോധനക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു.

ഗതാഗത നിയമലംഘനം തടയല്‍ പ്രവര്‍ത്തനങ്ങളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സേഫ് കേരളാ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സജ്ജമാക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഗ്യാരന്റിയിലാണ് ഇവ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുന്നത്. കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനച്ചുമതല പൂര്‍ണമായും കെല്‍ട്രോണിനാണ്. അസംബ്ലിങ്ങും ടെസ്റ്റിങ്ങും കെല്‍ട്രോണിന്റെ പ്രത്യേക യൂണിറ്റ് നടത്തും.

ചിത്രം തൊടുപുഴ നഗരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കുന്നതിനായി തൂണില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നു

 

date