Skip to main content

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് പഠനസഹായി പുറത്തിറക്കി

സമ്പൂർണ വിജയം, കൂടുതൽ എ പ്ലസ്

 

 

 

മികച്ച ഉപരിപഠനത്തിന് വിദ്യാർഥികളെ സജ്ജരാക്കാനും സമ്പൂർണ വിജയം ലക്ഷ്യമാക്കിയും എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പഠനസഹായി പുറത്തിറക്കി. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ തയ്യാറാക്കിയ 'മുന്നേറാം ആത്മവിശ്വാസത്തോടെ' പഠന സഹായി പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. പഠന സഹായിക്ക് പുറമെ പട്ടികവർഗ മേഖലയിൽ പ്രത്യേക ക്യാമ്പുകൾ നടത്തുമെന്ന് അവർ പറഞ്ഞു. ജനപ്രതിനിധികളും അധ്യാപകരും വീടുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് പിന്തുണ നൽകും. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയകറ്റാൻ ക്ലാസുകൾ നൽകും. സംശയനിവാരണത്തിനും പഠനത്തിനും സഹായകരമാകുന്ന ക്ലാസുകൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേഷണം ചെയ്യുമെന്ന് പ്രസിഡൻറ് അറിയിച്ചു.

കഴിഞ്ഞവർഷം പത്താംതരം വിദ്യാർഥികൾക്കു മാത്രമാണ് പഠനസഹായി പുറത്തിറക്കിയിരുന്നത്. പഠനസഹായി ഫലപ്രദമായി വിദ്യാർഥികളിൽ എത്തിക്കാനുള്ള അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരുമാസത്തെ പഠന പ്രവർത്തനങ്ങൾക്കൊടുവിൽ മാതൃകാ പരീക്ഷയും നടത്തും. വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ വിദ്യാലയ തലത്തിൽ ഹെൽപ്‌ഡെസ്‌കുകളും ആരംഭിക്കും.

ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ കെ.എം സോമരാജൻ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ അഡ്വ. കെ.കെ രത്‌നകുമാരി, യു.പി ശോഭ, അഡ്വ. ടി. സരള, വി.കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി ഷിജു, കെ.വി ബിജു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പ്രദീപൻ മാസ്റ്റർ, ഹയർസെക്കൻഡറി കോർഡിനേറ്റർ ടി.വി വിനോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ വഹീദ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ പങ്കെടുത്തു

date