Skip to main content

ഷോപ്പിങ് കോംപ്ലക്‌സിലൂടെ വരുമാനംനേടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

സ്വന്തം ഷോപ്പിങ് കോംപ്ലക്‌സ് വാടകയ്ക്കു നല്‍കി അധികവരുമാനമുണ്ടാക്കി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം വാടകയ്ക്ക് നല്‍കിയതിലൂടെ പഞ്ചായത്തിന് പ്രതിമാസം 1.25 ലക്ഷം രൂപയാണ് അധികവരുമാനം ലഭിക്കുന്നത്. 

 

ബ്ലോക്ക് പഞ്ചായത്തിന് സവിശേഷാധികാരം നല്‍കിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 90 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയ പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രിയാണ് തറക്കല്ലിട്ടത്. പിന്നീട് വര്‍ഷങ്ങളായി പലതരം വ്യവഹാരങ്ങളില്‍ കുരുങ്ങിയ ഷോപ്പിങ് കോപ്ലക്‌സ് പദ്ധതി, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഈ വര്‍ഷം ജനുവരി 12 ന് പൊതുജനങ്ങള്‍ക്കായി ലേലം നടത്തി. 200 സ്‌ക്വയര്‍ ഫീറ്റുകള്‍ വീതമുള്ള 14 കടമുറികള്‍, ഇരുനിലകളിലായി വ്യക്തികള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ വാടകയ്ക്ക് നല്‍കിയതിലൂടെ ഓരോ മുറിക്കും 10.5 ലക്ഷം രൂപവരെ അഡ്വാന്‍സ് തുകയും ലഭിച്ചു. 

 

തിരക്കേറിയ കുന്ദമംഗലം ടൗണിന്റെ മധ്യത്തിലാണെങ്കിലും താരതമ്യേന കുറഞ്ഞ വാടകയായി പരമാവധി 9000 രൂപയും ജി.എസ്.ടിയുമാണ് പ്രതിമാസം ഈടാക്കുന്നത്. ഇതിലൂടെ ഒരേസമയം ജനകീയ സൗഹൃദ പ്രവര്‍ത്തനം കാഴ്ചവെക്കാനും, പഞ്ചായത്തിന് അധികവരുമാനം ഉറപ്പാക്കാനും സാധിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി പറഞ്ഞു.

date