Skip to main content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് സര്‍വ്വകക്ഷി യോഗം

 

 

കോട്ടയം:  കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിലും  രോഗബാധിത കുടുംബങ്ങൾക്കുള്ള ആശ്വാസ പ്രവർത്തനങ്ങളിലും പിന്തുണ വാഗ്ദാനം ചെയ്ത് സർവ്വകക്ഷി യോഗം. കോവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുന്നതിന് സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ്റെ അധ്യക്ഷതയിൽ 

ചേർന്ന യോഗത്തിലാണ്  രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പിന്തുണ അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആൾക്കൂട്ടമുണ്ടാകാത്ത നിലയിൽ പ്രവർത്തിക്കുമെന്നും ഹെൽപ്പ് ഡെസ്കുകൾ തുറന്നും വാഹന സൗകര്യം അടക്കം ഏർപ്പെടുത്തിയും കോവിഡ് രോഗികൾക്ക് പരമാവധി സഹായം ലഭ്യമാക്കുന്നുണ്ടെന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പറഞ്ഞു.

 

ആദ്യഘട്ടങ്ങളിൽ കോവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച ജില്ലയാണ് കോട്ടയമെന്ന് മന്ത്രി പറഞ്ഞു.

ബി കാറ്റഗറിയിലേക്ക് ജില്ല മാറിയെങ്കിലും

അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട സാഹചര്യമാണുള്ളത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും രാഷ്ട്രീയ പാർട്ടികളും  ഒത്തുചേർന്ന്  പ്രവര്‍ത്തിക്കുന്നതിലൂടെ കോവിഡിനെ അതിവേഗം അതിജീവിക്കാനാകും.  

വാക്സിൻ സ്വീകരിക്കുന്നതിന് വിമുഖതയുള്ളവരെ  വാക്സിനേഷന് സന്നദ്ധരാക്കുന്നതിന് വീടുകളിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  കൃത്യമായ നിലയിൽ പാലിക്കപ്പെടുന്നുണ്ടെന്ന്  ഉറപ്പുവരുത്തുന്നതിന്  പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നല്ല ഇടപെടല്‍ ഉണ്ടാകണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്  പ്രവർത്തകർക്ക് നിർദേശം നൽകണമെന്നും കോവിഡ് ബാധിച്ച് ബുദ്ധിമുട്ടിലാകുന്നവർക്ക്  മരുന്ന് ,ഭക്ഷണം, ഭക്ഷ്യ വസ്തുക്കൾ  ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ  ശ്രദ്ധ പുലർത്തുന്നമെന്നും മന്ത്രി പറഞ്ഞു. 

 

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള   ആശ്വാസ ധനസഹായ വിതരണം സമ്പൂർണ്ണമാക്കുന്നതിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ  പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന പ്രതിഷേധ സമരങ്ങൾ മൂലം ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന പൊലീസുകാർക്ക് കോവിഡ് വരുന്ന സാഹചര്യമുണ്ടെന്നും ആൾക്കൂട്ടം ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു.

 

ഓൺലൈനിൽ ചേർന്ന യോഗത്തിൽ സി.പി.ഐ.എം.   ജില്ലാ സെക്രട്ടറി എ.വി. റസൽ , ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻ്റ് എം.ആർ. അനിൽ കുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബാബു കെ. കോര, ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.സി. അരുൺ , കേരള ജനപക്ഷം (സെക്കുലർ ) ജില്ലാ പ്രസിഡൻ്റ് സജി എസ്. തെക്കേൽ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ എന്നിവർ പങ്കെടുത്തു.

 

date