Skip to main content

സംയോജിതമായി നടപ്പായാൽ തൊഴിലുറപ്പ് പദ്ധതിക്ക് അനന്തസാധ്യത: മിഷൻ ഡയറക്ടർ

കോട്ടയം: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയാൽ സാധാരണക്കാർക്ക് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ നടത്താനാകുമെന്നും അനന്തമായ സാധ്യതകളാണുള്ളതെന്നും തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജന സാധ്യതകളും എന്ന വിഷയത്തിൽ കോട്ടയം കളക്ട്രേറ്റിൽ നടത്തിയ അവബോധ ക്ലാസിലും അവലോകന യോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസംരക്ഷണത്തിനും മണ്ണു സംരക്ഷണത്തിനും തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സമൂഹത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ പറഞ്ഞു.

ജില്ലയിലെ നദികളുടെയും പുഴകളുടെയും പുനരുജ്ജീവനത്തിന് പ്രഥമപരിഗണന നൽകണമെന്ന് കളക്ടർ പറഞ്ഞു. പ്രളയത്തെ തുടർന്ന് നദികളിൽ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപടികൾ ആവിഷ്‌കരിക്കണമെന്നും നിർദ്ദേശിച്ചു.

ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date