Skip to main content

വൈദ്യര്‍ പുരസ്‌കാരം റംലാബീഗത്തിന് സമ്മാനിച്ചു

 

വൈദ്യര്‍ മഹോത്സവത്തിന് സമാപനം

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരം പ്രശസ്ത കാഥിക എച്ച്. റംലാബീഗം ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് വൈദ്യര്‍ പുരസ്‌കാരം. പള്ളിക്കല്‍ യു.കെ.സിയിലെ വീട്ടിലെത്തിയാണ് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പുരസ്‌കാരം നല്‍കിയത്. പ്രശംസാപത്രം വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി സമ്മാനിച്ചു.

ഹുസൈന്‍ യൂസഫ് യമാന -മറിയം ബീവി ദമ്പതികളുടെ 10 മക്കളില്‍ ഇളയ മകളായി  1946 ലാണ്  റംലാബീഗം ജനിച്ചത്. ഏഴ് വയസ് മുതല്‍ പഠനത്തോടൊപ്പം ഹിന്ദി   ഗാനങ്ങള്‍ ആലപിച്ചാണ് റംല തന്റെ കലാജീവിതം ആരംഭിക്കുന്നത്. 18 വയസിന് ശേഷം കഥാപ്രസംഗ രംഗത്തേക്ക് ചുവടുവച്ചു. കഥാപ്രസംഗ രംഗത്ത് വേറിട്ട അവതരണ രീതിയിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ റംലാ ബീഗത്തിനായി. 'ഹുസുനുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ ' ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപ്രസംഗം.

ഇസ്ലാമിക ചരിത്ര കഥകള്‍ക്ക് പുറമേ ഹൈന്ദവ കഥകളും കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, ദുരവസ്ഥ തുടങ്ങി നിരവധി കൃതികളും കഥാപ്രസംഗങ്ങളായി നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിള കലാരംഗത്ത് നിറ സാന്നിധ്യമായിരുന്ന റംലാബീഗം കേരളത്തിനകത്തും  പുറത്തും വിദേശങ്ങളിലുമായി നിരവധി വേദികളില്‍   പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച റംലാബീഗത്തിന്റെ കലാ ജീവിതത്തിന്റെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ്   മാപ്പിള കലാ അക്കാദമിയുടെ പുരസ്‌കാരം സമര്‍പ്പിച്ചത്. സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി. കെ.എ ജബാര്‍, രാഘവന്‍ മാടമ്പത്ത് എന്നിവര്‍ സംസാരിച്ചു.

ജനുവരി 28ന് പുസ്തകമേളയോടെ ആരംഭിച്ച വൈദ്യര്‍ മഹോത്സവം 'വൈദ്യര്‍ രാവ്' റിയാലിറ്റി ഷോയോടുകൂടി സമാപിച്ചു. കോവിഡ് നിയന്ത്രണം നിലിന്നിരുന്നതിനാല്‍ അക്കാദമിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികള്‍ ആസ്വാദകരില്‍ എത്തിച്ചത്.  

(ഫോട്ടോ സഹിതം)

കാപ്ഷന്‍: പ്രശസ്ത കാഥിക എച്ച് റംലാബീഗം അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയില്‍ നിന്നും വൈദ്യര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു

date