Skip to main content

കാര്‍ഷികമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 50 ലക്ഷം വകയിരുത്തി വടക്കാഞ്ചേരി നഗരസഭ

കാര്‍ഷികമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 50 ലക്ഷം വകയിരുത്തി വടക്കാഞ്ചേരി നഗരസഭ. ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്ന രീതിയിലാണ് തുക വകയിരുത്തിയിരിക്കുന്നത്. നഗരസഭയില്‍ സംഘടിപ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തെ വികസന സെമിനാറിലാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ കൃഷി ചെയ്യുന്ന നെല്ല് പ്രാദേശികമായി അരിയാക്കി ാറ്റാനുള്ള  നാല് മില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ എട്ട് ലക്ഷം രൂപയും അനുവദിക്കും. പ്രാദേശികമായി പ്രതിരോധശേഷി കൂടിയ നെല്‍വിത്തുകള്‍ ശേഖരിച്ച് കേരള സീഡ് ബാങ്ക് പോലെ നേരിട്ട് ഉല്പാദനം നടത്തുന്നതിനുള്ള വിത്ത് ബാങ്ക് സംവിധാനവും ആവിഷ്‌കരിക്കും. വെജിറ്റബിള്‍ ക്ലസ്റ്റര്‍ ഗാര്‍ഡന്‍, തരിശുരഹിത കൃഷി തുടങ്ങി കാര്‍ഷികമേഖലയില്‍ കൂടുതല്‍ ശക്തമായ പദ്ധതികളും ആവിഷ്‌കരിക്കാന്‍ പദ്ധതിയുണ്ട്. 

കൃഷി, വിദ്യാഭ്യാസം, വനിതാ ശിശു ക്ഷേമം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളില്‍ നിരവധി പദ്ധതികളാണ് നഗരസഭ ആരംഭിക്കുന്നത്. ഹരിതഭവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്ന ആശയവും നഗരസഭ മുന്നോട്ട് വെച്ചിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്യുക, പാല്‍, മുട്ട എന്നിവയ്ക്ക് ആവശ്യമായ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക, അടുക്കളമാലിന്യങ്ങള്‍ ബയോഗ്യാസായി ഉപയോഗ്യമാക്കുക തുടങ്ങി ഹരിതജീവിതം നയിക്കുന്ന വീട്ടുകാര്‍ക്ക് ഇതുവഴി നഗരസഭാസേവനങ്ങള്‍ക്ക് മുന്‍തൂക്കവും നികുതി ഇളവും നല്‍കും.

നഗരസഭയുടെ സേവനങ്ങള്‍ വാര്‍ഡ് തലത്തില്‍ ലഭ്യമാക്കാന്‍ നഗരസേവാകേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതുവഴി നഗരസഭാ കാര്യാലയത്തില്‍ നേരിട്ടെത്താതെ പ്രാദേശികമായി സേവനങ്ങള്‍ ലഭ്യമാകും. വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ്, വിദ്യാര്‍ത്ഥിനികള്‍ക്ക് ഷീപാഡ് തുടങ്ങിയവയും ലഭ്യമാക്കും. 10 ഡിവിഷനുകള്‍ക്ക് ഒരു ജനകീയ ഹോട്ടല്‍ എന്ന രീതിയില്‍ പദ്ധതി രൂപീകരിക്കും. മാലിന്യസംസ്‌കരണത്തിനായി ഗ്യാസി ഫയര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനത്തിനായി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണം കമ്പ്യൂട്ടറൈസ് ചെയ്ത് ത്വരിതഗതിയിലാക്കുന്ന സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് സംവിധാനവും ഉപയോഗപ്പെടുത്തും. 

ഓണ്‍ലൈനായി നടന്ന സെമിനാര്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ച സെമിനാറില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഷീല മോഹനന്‍ ഒ.ആര്‍, സെക്രട്ടറി കെ.കെ.മനോജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date