Skip to main content

ചാലക്കുടി അടിപ്പാത; പണി അതിവേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കെതിരെ കര്‍ശനനടപടി: ജില്ലാ കലക്ടര്‍

തൃശൂര്‍-എറണാകുളം ദേശീയപാതയിലെ ചാലക്കുടി അടിപ്പാത നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എല്‍) കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ കലക്ടര്‍, നിര്‍മ്മാണം ഇനിയും വൈകിയാല്‍ സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുക്കുമെന്നും കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.

അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി ചേര്‍ന്ന് വിവിധ യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുത്തിട്ടും നിര്‍മ്മാണത്തില്‍ കരാറുകാരും ദേശീയപാത അതോറിറ്റിയും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചതു മുതല്‍ ഓരോ കാരണങ്ങളാല്‍ പണി നിര്‍ത്തി വെക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. നിര്‍മ്മാണം ഇനിയും വൈകാന്‍ അനുവദിക്കില്ലെന്നും ഫെബ്രുവരി 15നകം നിര്‍മ്മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കരാറുകാര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തൊഴിലാളികളുടെയും സാമഗ്രികളെയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അടുത്ത ദിവസം തന്നെ ലഭ്യമാക്കാന്‍ ദേശീയ പാത അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി. നിർമാണ പ്രദേശത്ത് ഇതുവരെ നടന്ന അപകടങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നൽകാൻ നഗരസഭ, പോലീസ് അധികൃതർക്കും നിര്‍ദ്ദേശം നല്‍കി. 

നിര്‍മ്മാണം നടക്കുന്ന ഭാഗത്തെ ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചാല്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അതോറിറ്റി ടോള്‍ പിരിക്കുന്നത്. കാന നിര്‍മ്മിക്കാത്തതിനാള്‍ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.  

യോഗത്തില്‍ ചാലക്കുടി നഗരസഭാ ചെയര്‍മാന്‍ ഒ വി പൈലപ്പന്‍,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ബിജു എസ് ചിറയത്ത്, ഡിവൈഎസ് പി സന്തോഷ് സി ആര്‍,  ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date