Skip to main content

ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ച് മാടക്കത്തറ

സുരക്ഷിതമായ ഭക്ഷണത്തിലൂടെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ജൈവകൃഷി വിളവെടുപ്പ്് പദ്ധതിയുമായി മാടക്കത്തറ ഗ്രാമപഞ്ചായത്ത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി-സുഭിക്ഷം സുരക്ഷിതം പദ്ധതിക്കാണ് മാടക്കത്തറ പഞ്ചായത്തില്‍ തുടക്കമിടുന്നത്. പരമ്പരാഗത കൃഷിരീതിയിലൂടെ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലൂടെ കാര്‍ഷികമേഖലയെ ദൃഢപ്പെടുത്തി പ്രകൃതിസംരക്ഷണത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

100 ഹെക്ടറിലാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ക്ലസ്റ്ററുകള്‍ക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്. സുഭിക്ഷ എഫ്.ഐ.ജി, സുരക്ഷിത എഫ്.ഐ.ജി എന്നീ ക്ലസ്റ്ററുകളിലായി നൂറ്റമ്പത് കര്‍ഷകരാണ്  അംഗങ്ങളായിട്ടുള്ളത്. ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളില്‍ ജെംപ്ലാസം കണ്‍സര്‍വേഷന്‍ സെന്ററുകള്‍, വിവിധ ജൈവകൃഷി പരിശീലനങ്ങള്‍, മേളകള്‍, ജൈവ ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത യൂണിറ്റുകള്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം വര്‍ഷത്തോളം പഴക്കമുള്ള പരമ്പരാഗത കൃഷിരീതികളായ വൃക്ഷായുര്‍വേദം, പരിസ്ഥിതി അധിഷ്ഠിത വിളസംരക്ഷണം, കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രത്യേക ജൈവകൃഷി പാക്കേജ് തുടങ്ങിയ കാര്‍ഷികമുറകള്‍ നടപ്പിലാക്കുന്നതിനും കര്‍ഷകരെ പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 

പദ്ധതിയുടെ ഭാഗമായി സുഭിക്ഷം ക്ലസ്റ്റര്‍ ഉല്‍പാദിപ്പിച്ച ജൈവവളകൂട്ടുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സണ്ണി ചെന്നിക്കര വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗമായ കര്‍ഷകര്‍ക്ക് ജൈവവളവും തൈകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ അടങ്ങിയ ലായനിയും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. അഞ്ച് സെന്റില്‍ കുറയാത്ത ഭൂമിയുള്ളവര്‍ക്കാണ് അംഗമാകാന്‍ അവസരം. പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഭൂനികുതി അടച്ച രസീത്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, അപേക്ഷ ഫോം എന്നിവ നല്‍കി പദ്ധതിയില്‍ അംഗമാകാം. അപേക്ഷ അതാത് കൃഷിഭവനില്‍ നിന്ന് ലഭിക്കുമെന്ന് മാടക്കത്തറ കൃഷി ഓഫീസര്‍ അര്‍ച്ചന വിശ്വനാഥ് പറഞ്ഞു.

date