Skip to main content

വഴിയമ്പലം-അയിരൂര്‍-വഞ്ചിപ്പുര റോഡ് നിര്‍മ്മാണം: കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി

വഴിയമ്പലം-അയിരൂര്‍-വഞ്ചിപ്പുര റോഡ് നിര്‍മ്മാണത്തില്‍ അനാസ്ഥ കാണിച്ച കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കയ്പമംഗലം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. 

കയ്പമംഗലം പഞ്ചായത്തില്‍ പൊതുമരാമത്ത് ഫണ്ട് രണ്ട് കോടി രൂപ വകയിരുത്തിയാണ് വഴിയമ്പലം അയിരൂര്‍-വഞ്ചിപ്പുര റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ 24 ലക്ഷം രൂപയുടെ പണികള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു.  അനാസ്ഥ പരിഹരിക്കാന്‍ എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയും നിരന്തരമായ ഇടപെടല്‍ നടത്തിയിട്ടും കരാറുകാരന്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറായില്ല. കരാറുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ്ജ് ചെയ്യുവാനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും യോഗം ശുപാര്‍ശ ചെയ്തു. പുതിയ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് മഴക്ക് മുമ്പായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അടിയന്തരമായി നിലവിലെ സ്ഥിതി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുവാനും യോഗത്തില്‍ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി എസ് സലീഷ്, പി ഡബ്ല്യുഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജീസണ്‍ ജോസഫ്, പി ഡബ്ല്യുഡി റോഡ്‌സ് എ ഇ ദീപക് പി എസ്, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date