Skip to main content

കൊണ്ടോട്ടി മണ്ഡലത്തിലെ നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊണ്ടോട്ടി മണ്ഡലത്തില്‍ ഒന്‍പത് കോടി രൂപ ചെലവില്‍ നിര്‍മിച്ച നാല്   സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ (ഫെബ്രുവരി 10) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടി മണ്ഡലത്തില്‍ മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലിയപ്പുറം ഗവ.ഹൈസ്‌കൂള്‍, തുറക്കല്‍ ജി.എല്‍.പി.എസ്, കാരാട് ജി.എല്‍.പി.എസ് എന്നീ      സ്‌കൂളുകളില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരോ മണ്ഡലത്തിലും എം.എല്‍.എ.മാര്‍ തെരഞ്ഞെടുക്കുന്ന ഒരു സ്‌കൂള്‍ അഞ്ച് കോടി രൂപ ചെലവില്‍ ഹൈടെക്കാകുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേലങ്ങാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ ചാലിയപ്പുറം സ്‌കൂളിനും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവില്‍ കാരാട്,  40 ലക്ഷം രൂപ ചെലവില്‍ തുറക്കല്‍ ജി.എല്‍.പി സ്‌കൂളിനുമാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ വാഴക്കാട്, ഓമാനൂര്‍, മുതുവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകള്‍ക്ക് നിര്‍മിച്ച കെട്ടിടം ഇതിനകം ഉദ്ഘാടനം ചെയതിട്ടുണ്ട്.

കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടും 45 ലക്ഷം രൂപയുടെ എം.എല്‍.എ, ഫണ്ടും ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റൈ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.  മൂന്ന് കോടി രൂപ ചെലവില്‍ ചിറയില്‍ ജി.എം.യു.പി.സ്‌കൂള്‍, ഓമാനൂര്‍ ജി.വി.എച്ച്.എസ്എസ്, കൊണ്ടോട്ടി ജി.യു.പി.സ്‌കൂള്‍ എന്നിവയ്ക്കും മുപ്പത് ലക്ഷം രൂപ വീതം അനുവദിച്ച പണിക്കരപ്പുറായ ജി.എല്‍.പി.സ്‌കൂള്‍, വെട്ടത്തൂര്‍ ജി.എല്‍.പി.സ്‌കൂള്‍ എന്നിവയുടെയും പ്രവൃത്തി  ഉടനെ ആരംഭിക്കുമെന്ന്  ടി.വി ഇബ്രാഹിം എം.എല്‍. എ അറിയിച്ചു.

കൊണ്ടോട്ടി ഉപജില്ലാ വിദ്യഭ്യാസ ഓഫീസ്, ജി.എല്‍.പി.സ്‌ക്കൂള്‍ എന്നിവ താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നിലവിലെ കെട്ടിടം പൊളിച്ച്    വിദ്യഭ്യാസ സമുച്ചയം നിര്‍മിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ വിദ്യഭ്യാസ സമുച്ചയം നിര്‍മിക്കുന്നതോടെ  മൊറയൂരില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍ സിയും ഈ കെട്ടിടത്തിലേക്ക് മാറ്റാനാവും. മണ്ഡലത്തിലെ  വിദ്യാര്‍ഥികളുടെ പഠന മികവ് ലക്ഷ്യമിട്ട് അക്ഷരശ്രീ പദ്ധതി നടത്തിവരുന്നതായും  നെടിയിരുപ്പ് ഗവ. വെല്‍ഫെയര്‍ യു.പി.സ്‌ക്കൂള്‍, കക്കോവ് യു.പി.എസ്, വാഴക്കാട് ബഡ്‌സ് സ്‌കൂള്‍ എന്നിവക്ക് സ്‌കൂള്‍ ബസുകള്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ചത് കഴിഞ്ഞ ആഴ്ച കൈമാറിയതായും എം.എല്‍.എ  അറിയിച്ചു.

 

date