Skip to main content

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന് തയ്യാറെടുത്ത് തിരൂരങ്ങാടി നഗരസഭ

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ കര്‍മപദ്ധതി രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ തിരൂരങ്ങാടി നഗരസഭയില്‍ പൂര്‍ത്തിയായി. ഫെബ്രുവരി 11ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേരുന്ന രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും.

2021 ഡിസംബര്‍ 18ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള അയല്‍ക്കൂട്ടങ്ങളിലും       ഓക്‌സിലറി ഗ്രൂപ്പുകളിലും സ്ത്രീധനത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും സിഡിഎസ് ഭരണസമിതി, തദ്ദേശസ്വയംഭരണ സ്ഥാപന സമിതി, സാംസ്‌കാരിക നായകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സന്ദേശപ്രചരണത്തിന്റെ ഭാഗമായി കാല്‍നട ജാഥകള്‍, ടൂവീലര്‍ റാലി, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ എന്നിവയാണ് സിഡിഎസ് തലത്തില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബാലസഭയുടെ ആഭിമുഖ്യത്തില്‍        ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത രചന മത്സരങ്ങള്‍, സിഡിഎസ്, എഡി എസ് തലങ്ങളില്‍ സ്‌നേഹിത ക്യാമ്പയിന്‍, സിഡിഎസ് തലത്തില്‍ ജെന്‍ഡര്‍ വാര്‍ത്തബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍.

date