Skip to main content

ജൽ ജീവൻ മിഷൻ പദ്ധതി രണ്ടാം ഘട്ടം ; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു 

 

 

രണ്ടാം ഘട്ടത്തിൽ 5890 ഗാർഹിക കണക്ഷനുകൾ 

 

മാറാക്കരയിൽ  27.50 കോടിയുടെ  പദ്ധതി

 

 

ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം മാറാക്കര പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ 27.50 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്  അന്തിമ അംഗീകാരം നൽകുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് തീരുമാനിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ മാറാക്കര പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും വാട്ടർ അതോറിറ്റി പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൽ ജീവൻ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് തീരുമാനിച്ചത്.

 

ആദ്യ ഘട്ടത്തിൽ മൂന്ന് കോടി രൂപ ചെലവിൽ 2000 ഗാർഹിക കണക്ഷനുകൾ നൽകിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 5890 ഗാർഹിക കണക്ഷനുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. പഞ്ചായത്തിൽ 122 കിലോമീറ്റർ ദൂര പരിധിക്കുള്ളിലാണ് രണ്ടാം ഘടത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. മൂന്നാം ഘട്ടത്തിൽ 25 . 74 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കേണ്ടതുണ്ട്. 1665 കണക്ഷനുകളാണ് മൂന്നാം ഘട്ടത്തിൽ നൽകുക. മൂന്നാം ഘട്ട പ്രവൃത്തിയോട് കൂടി മാറാക്കര പഞ്ചായത്തിൽ പദ്ധതി സമ്പൂർണ്ണമാകും.

    

രണ്ടാം ഘട്ടത്തിൽ കരാറുകാരൻ സമർപ്പിച്ച പദ്ധതിയുടെ പ്രിലിമിനറി ഡിസൈൻ പരിശോധിച്ച് വരികയാണ്. ഇത് അന്തിമമായിഅംഗീകരിക്കുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും.അടുത്ത ആഴ്ചയോടെ പദ്ധതിയുടെ ഡിസൈന് അന്തിമ അംഗീകാരമാകുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.

 

   നിലവിൽ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയ സ്ഥലങ്ങളിൽ ജലലഭ്യതക്ക് വിവിധ തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നതായി പഞ്ചായത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്തി നിലവിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് എം.എൽ.എ വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സ്ഥലത്ത് അടുത്ത ആഴ്ചയോടെ ഗാർഹിക കണക്ഷനുകൾ നൽകുന്നതിന് യോഗം തീരുമാനിച്ചു. നവീകരണ പ്രവൃത്തികൾ നടത്താനുള്ളതിനാൽ 

 പഞ്ചായത്ത് റോഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള ഇടങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണം. നിലവിലുള്ള ജലവിതരണത്തിന്റെ തോത് എല്ലാ പ്രദേശങ്ങളിലേക്കും എത്തുന്ന രീതിയിൽ ക്രമീകരണം നടത്തുന്നതിന് കൂടിയാലോചനകൾ നടത്തുന്നതിന് അതത് പ്രദേശങ്ങളിലെ പമ്പ് ഓപ്പറേറ്റർമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും.

 

 പഞ്ചായത്തിലെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പുതിയ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധന നടന്നു വരികയാണെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.കെ. സുബൈർ, ബ്ലാക്ക് മെമ്പർ പി.വി. നാസിബുദ്ദീൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി.കുഞ്ഞി മുഹമ്മദ്, കെ.പി. ഷരീഫ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ എ.പി. ജാഫറലി, അനീസ്, മുബഷിറ അമീർ , ടി.വി. റാബിയ, മുഫീദ അൻവർ , സുരേഷ് ബാബു, എൻ.കുഞ്ഞി മുഹമ്മദ്, പി.റഷീദ്, സജിത ടീച്ചർ, ആബിദ് കല്ലാർ മംഗലം, കെ.പി. ഷംല , കേരള വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ദീപ പി.പി, അസിസ്റ്റന്റ് എഞ്ചിനീയർ റോഷ്നി, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ജോമോൻ തോമസ്, ഓവർസിയർമാരായ പി.അർഷദ്, കെ. ടി ഷരീഫ് , ശ്രീഹരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date