Skip to main content

കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും : കർശന നടപടികളുമായി നഗരസഭ

 

 

കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന ഇന്ന് (ഫെബ്രുവരി ഒൻപത്) ആരംഭിക്കും.

 

 പൊലീസ്, എക്‌സൈസ്, റവന്യൂ വകുപ്പുകളും നഗരസഭയും സംയുക്തമായാണ് പരിശോധനക്കി റങ്ങുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഘട്ടം ഘട്ടമായ പരിശോധനയും നിരീക്ഷണവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കടകൾ, ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നതിന് പുറമേ നഗരസഭ ആരോഗ്യ വകുപ്പ് രാത്രികാല നിരീക്ഷണവും പരിശോധനയും ശക്തമാക്കും. ബസ്റ്റാൻഡ് പരിസരത്തും കലാലയങ്ങളുടെ സമീപത്തെ കടകൾ കേന്ദ്രികരിച്ചും പരിശോധനകൾ നടത്തും. ബസ്സ്റ്റാൻഡിലെ രാത്രികാല വാഹന പാർക്കിങ് താത്കാലികമായി നിരോധിക്കും. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്‌ജുകളിലും ഉദ്യോഗ സംഘം സംയുക്ത പരിശോധന നടത്തും. വിവിധ വകുപ്പുകളും ജന പ്രതിനിധികളും യോജിച്ച് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം നഗരസഭാ സെക്രട്ടറി ടി.അനുപമ നിർവഹിക്കും. ഇത് സംബന്ധിച്ച് നഗരസഭയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി.

 

വൈസ് ചെയർമാൻ സനൂപ് മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്‌റഫ്‌ മാടാൻ, സി മിനിമോൾ, എ മൊഹിയുദീൻ അലി, റംല കൊടവണ്ടി, അബീന പുതിയറക്കൽ, തഹസിൽദാർ അബൂബക്കർ, എസ്. എച്.ഒ പ്രമോദ്, എക്സ്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദലി, കൗൺസിലർമാരായ കെ. സാലിഹ്, താഹിറ ഹമീദ്, സെക്രട്ടറി ടി അനുപമ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.ശിവൻ എന്നിവർ പങ്കെടുത്തു.

date