Skip to main content

വീട് അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച കേസില്‍ വീട്ടുടമ അറസ്റ്റില്‍

കെട്ടിട നികുതി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട മേല്‍ പരിശോധനയ്ക്കായി വീട്ടിലെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും അവരെ തെറി വിളിക്കുകയും ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അടാട്ട് രോഹിണി ഭവനില്‍ നാരായണ ദാസ് മകന്‍ സഞ്ജുദാസാണ് അറസ്റ്റിലായത്. ജില്ലയില്‍ ആഢംബര നികുതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസര്‍ അളന്നു നല്‍കിയ വീടുകളില്‍ മേല്‍ പരിശോധന നടത്തുന്നതിനായി രൂപീകരിക്കപ്പെട്ട സ്‌ക്വാഡിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ സി ബീന, വില്ലേജ് ഓഫീസര്‍ വിന്നി വര്‍ഗീസ് എന്നിവരെയും കൂടെയുണ്ടായിരുന്ന ജീവനക്കാരെയുമാണ് ഇയാള്‍ തടഞ്ഞുവയ്ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത്. ബുധനാഴ്ച രാവിലെ  11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലുള്ളവരുടെ അനുവാദമെടുത്ത ശേഷം കെട്ടിടത്തിന്റെ പുറം ഭാഗം അളന്നു കൊണ്ടിരിക്കെ വീട്ടില്‍ നിന്നിറങ്ങിവന്ന സഞ്ജുദാസ്, ഉദ്യോഗസ്ഥരെ തെറി വിളിക്കുകയും അളവ് തടസ്സപ്പെടുത്തുകയുമായിരുന്നു. അളക്കുന്നതിന് മുമ്പ് നോട്ടീസ് നല്‍കണമെന്ന ഇയാളുടെ ആവശ്യം അംഗീകരിച്ച് മടങ്ങാന്‍ വാഹനത്തില്‍ കയറിയ ഉദ്യോഗസ്ഥരെ സഞ്ജുദാസ് തന്റെ വാഹനം കുറുകെയിട്ട് തടയുകയും കേട്ടാല്‍ അറയ്ക്കുന്ന രീതിയിലുള്ള തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  

ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത് പ്രകാരം തഹസില്‍ദാര്‍ ടി ജയശ്രീ പോലിസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയ ശേഷമാണ് ഇയാളുടെ വാഹനം മാറ്റി ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം പോലിസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദമായി പെരുമാറി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

date