Skip to main content

ദേവിചിറ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക്  തുടക്കമായി

വരവൂർ ഗ്രാമപഞ്ചായത്തിലെ ദേവിചിറ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. സംസ്ഥാന സർക്കാരിൻ്റെ 2019- 20 ബജറ്റിൽ ഉൾപ്പെടുത്തിയാണ് ദേവിചിറ കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രദേശത്തെ  കാർഷിക വികസനത്തിനും, കുടിവെള്ള ലഭ്യതയ്ക്കും, ജലാശയങ്ങളിൽ വെള്ളം സംഭരിക്കുന്നതിനും, ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ്  കുളം നവീകരിക്കുന്നത്. 2.65 കോടി  രൂപ ചെലവഴിച്ച് 10 മാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ഏക്കറോളം വിസ്തൃതിയിലുള്ള ദേവിചിറ കുളത്തിൻ്റെ വശങ്ങളുടെ സംരക്ഷണം,  കൃഷിക്ക് വെള്ളം എത്തിക്കുന്നതിന് ആവശ്യമായ ഷട്ടർ സംവിധാനത്തോടുകൂടിയ കലുങ്ക്, 135 മീറ്റർ കനാൽ, കുളത്തിലെ ചെളി നീക്കം ചെയ്യുക,  ഭാവിയിൽ കൂടുതൽ ചെളി അടിഞ്ഞുകൂടുന്നത്  കുറയ്ക്കുന്നതിനുള്ള സിൽറ്റ് ചേമ്പർ എന്നിവയാണ്  ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ എംഎൽഎയും പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാനുമായ  യു ആർ പ്രദീപ് നിർവഹിച്ചു. വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപു പ്രസാദ്, പ്രീതി, വരവൂർ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഹിദായത്തുള്ള, പി കെ യശോദ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഡേവിസ്, പഞ്ചായത്തംഗങ്ങളായ വി ടി സതീഷ്, ജിഷ, സേതുമാധവൻ തുടങ്ങിയവരും  ചടങ്ങിൽ പങ്കെടുത്തു.

date