Skip to main content

സ്‌പെഷല്‍ റിക്രൂട്ട്‌സ് രണ്ടാം ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 10ന്

സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത 123 പേര്‍ ഇന്ന് (ഫെബ്രുവരി 10) മുതല്‍ കേരള പോലീസിന്റെ ഭാഗമാകും.
ആദിവാസി മേഖലയില്‍നിന്ന് പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ് പോലീസ് സേനയുടെ ഭാഗമാകുന്നത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിവര്‍. വയനാട് നിന്നും 84പേരും പാലക്കാട്ടുനിന്ന് 25 പേരും മലപ്പുറത്തുനിന്ന് പതിനാലുപേരുമുണ്ട്. ഇതില്‍ 36 പേര്‍ വനിതകളാണ്.

2021 ഫെബ്രുവരി 20 നാണ് ഇവര്‍ക്കായുള്ള പരിശീലനം രാമവര്‍മ്മപുരം ഐ.പി.ആര്‍.ടി.സിയില്‍ ആരംഭിക്കുന്നത്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മുതല്‍ രണ്ടുമാസക്കാലം ഇവരുടെ പരിശീലനം സ്വന്തം പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. കമ്യൂണിറ്റി കിച്ചന്‍, കോവിഡ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇക്കാലയളവില്‍ ഇവര്‍ നേതൃത്വം നല്‍കി. 2021 ജൂണ്‍ 25 മുതല്‍ ഒക്ടോബര്‍ 31 വരെ മലപ്പുറം പാണ്ടിക്കാടും ഇവര്‍ക്കുള്ള തുടര്‍ വിദഗ്ദ പരിശീലനം നല്‍കി. കേരള പോലീസ് അക്കാദമിയിലെത്തിയ ഇവര്‍ക്ക് തുടര്‍ന്ന് സിലബസനുസരിച്ചുള്ള പരേഡ്, നിയമം, ഭരണഘടന, മനുഷ്യാവകാശം, ഭരണ നിര്‍വ്വഹണം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം എന്നിവയ്ക്കു പുറമേ ശാസ്ത്രീയ കുറ്റാന്വേഷണത്തിലുള്ള പ്രായോഗിക പരിശീലനം, കമാണ്ടോ ആയുധ പരിശീലനം, ഫയറിംഗ്, നീന്തല്‍, ഡ്രൈവിംഗ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ, അഗ്‌നിശമനം, കമ്പ്യൂട്ടര്‍ എന്നിവയിലും പരിശീലനം നല്‍കി.

പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ 12 പേര്‍ ബിരുദമുള്ളവരാണ്. ഒരാള്‍ ബിരുദാനന്തര ബിരുദത്തിനുശേഷം ബി.എഡ് നേടിയിട്ടുണ്ട്. ഒരാള്‍ ബി.ബി.എ പാസ്സായി. രണ്ടു പേര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. ബാക്കിയുളളവര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവരുമാണ്

date