Skip to main content

നഗരസഞ്ചയ പദ്ധതികള്‍ക്ക് അംഗീകാരം

 

നഗരസഞ്ചയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലയിലെ നഗരസഞ്ചയ പ്രദേശങ്ങളില്‍ വരുന്ന  ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ പരിധിയില്‍ കുടിവെള്ളം,ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലയിലുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം. 15-ാം ധനകാര്യ കമ്മീഷന്‍ തുക വിനിയോഗിച്ചാണ് പദ്ധതി നിര്‍വ്വഹണം നടത്തുക. ഇതിന് പുറമെ ജില്ലാ റിസോഴ്‌സ് സെന്ററിനും ആസൂത്രണ സമിതി അംഗീകാരം നല്‍കി.  2021-22 വാര്‍ഷിക പദ്ധതി ഭേദഗതിയും അംഗീകരിച്ചു. ജില്ലയില്‍ 50 ശതമാനത്തില്‍ താഴെ പദ്ധതി പുരോഗതി കൈവരിച്ച തദ്ദേശ സ്ഥാപന പദ്ധതികളുടെ അവലോകനം നടത്തി. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തി. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാറായ ഘട്ടത്തില്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനും നടപടികള്‍ കാര്യക്ഷമമാക്കാനും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
ജില്ലയില്‍ 34 ഗ്രാമപഞ്ചായത്തുകളാണ് ഇതുവരെ പദ്ധതി വിഹിതം 50 ശതമാനത്തില്‍ താഴെ മാത്രം  ചെലവഴിച്ചത്.  13 ബ്ലോക്ക് പഞ്ചായത്തുകളും  ഏഴ് നഗരസഭകളും ഈ വിഭാഗത്തില്‍പ്പെടും. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date