Skip to main content

സര്‍വോദയപക്ഷ ഖാദി വിപണനമേളയ്ക്ക് തുടക്കം

ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കോട്ടപ്പടിയിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ സര്‍വോദയപക്ഷ ഖാദി വിപണനമേളയ്ക്ക് തുടക്കമായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സാമൂഹിക ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം സേവനവും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നഗരസഭ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.മലപ്പുറം നഗരസഭ കൗണ്‍സിലര്‍ സി സുരേഷ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. കെ.എസ്.ഇ.ബി ഓവര്‍സിയര്‍ എ പ്രകാശന്‍ ഖാദി വസ്ത്രം ഏറ്റുവാങ്ങി. മലപ്പുറം നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ മാസ്റ്റര്‍ സംസാരിച്ചു. ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ എസ് കൃഷ്ണ സ്വാഗതവും ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയം വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി സത്യനിര്‍മ്മല  നന്ദിയും പറഞ്ഞു.
വിപണന മേളയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. ഫെബ്രുവരി 14 വരെയാണ് വിപണന മേള. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം ഖാദി സൗഭാഗ്യ, എടപ്പാള്‍ ഖാദി സൗഭാഗ്യ, താനൂര്‍ ഖാദി സൗഭാഗ്യ, വടക്കുമുറി ഖാദി സൗഭാഗ്യ എന്നിവിടങ്ങളിലും വിവിധ ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ നടത്തുന്നുണ്ട്. ഖാദി ഉല്‍പ്പന്നങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും ഖാദി മേഖലയെ സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍, പൊതുമേഖല, സഹകരണ വിഭാഗം ജീവനക്കാരും അധ്യാപകരും എല്ലാ ബുധനാഴ്ചകളിലും ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൂടിയുള്ളതിനാല്‍  സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ മേഖല, ബാങ്കിങ് ജീവനക്കാരും പൊതുജനങ്ങളും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു.
 

date