Skip to main content

കേരളം ലഹരിയുടെ പിടിയിലല്ല എക്സൈസ് വകുപ്പ് ജാഗരൂകമാണ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചിലർ കുപ്രചരണങ്ങളിലേർപ്പെടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
എക്സൈസ് വകുപ്പ് നല്ല നിലയിലാണ് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വർഷം ജനുവരിയിൽ മാത്രം 1540 അബ്കാരി കേസ്സുകളിലായി 249 ലിറ്റർ ചാരായവും 4106 ലിറ്റർ വിദേശമദ്യവും 1069 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റർ വാഷും എക്സൈസ് വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. 1257 പേരെയാണ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. എൻ ഡി പി എസ് ആക്റ്റ് പ്രകാരം 367 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എം ഡി എം എ, 24 കഞ്ചാവ് ചെടികൾ, 156 ഗ്രാം  നാർക്കോട്ടിക് ഗുളികകൾ മുതലായവ പിടിച്ചെടുക്കാൻ എക്സൈസ് വകുപ്പിന് സാധിച്ചു. 7535 കോട്പാ കേസുകളിലായി 4554 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്താനും കഴിഞ്ഞെന്ന് മന്ത്രി  വിശദമാക്കി.
യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും, ഉപഭോഗവും തടയുന്നതിനുള്ള തീവ്രയത്നത്തിലാണ് എക്സൈസ് വകുപ്പുള്ളതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജനുവരി മാസത്തിൽ മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ 475 ഗ്രാം എം ഡി എം എ, 7 ഗ്രാം എഫിഡ്രൈൻ എന്നിവ പിടിച്ചെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ നർക്കോട്ടിക് സ്‌ക്വാഡ് 11.3 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത് കേസെടുത്തു. കണ്ണൂർ നർക്കോട്ടിക് സ്‌ക്വാഡ് 23 കിലോഗ്രാം കഞ്ചാവും, 957 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കോഴിക്കോട്ട് 55.2 ഗ്രാം എം ഡി എം എ യും എറണാകുളത്ത് 94.74 ഗ്രാം എം ഡി എം എയും കൊല്ലത്ത് 32 കിലോ കഞ്ചാവും പിടിച്ചെടുത്ത് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ മികച്ച രീതിയിൽ മയക്കുമരുന്ന് വേട്ട നടത്തുന്നതിലൂടെ കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കി മാറ്റാനുള്ള മയക്കുമരുന്ന് മാഫിയയുടെ ശ്രമത്തെ ഇല്ലാതാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ട്. ഇത്തരം വസ്തുതകൾ മറച്ചുവെച്ചാണ് തെറ്റിദ്ധാരണാ ജനകമായ വർത്തമാനങ്ങളുമായി ചിലർ മുന്നോട്ടുവരുന്നതെന്ന് മന്ത്രി കൂട്ടിചേർത്തു.
പി.എൻ.എക്സ്. 588/2022

date