ലൈഫ് മിഷൻ മൂന്നാംഘട്ടം: മനസ്സോടിത്തിരി മണ്ണിലേക്ക് ഫെഡറൽ ബാങ്കും
ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂ-ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ഫെഡറൽ ബാങ്കും കൈകോർക്കുന്നു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ ലൈഫ് മിഷനുള്ള സമ്മതപത്രം കൈമാറി.
മൂവാറ്റുപുഴയിൽ ഒന്നര ഏക്കർ ഭൂമിയും പെരുമ്പാവൂരിൽ പന്ത്രണ്ട് സെന്റും തൃശൂർ ആമ്പല്ലൂരിൽ അഞ്ച് സെന്റ് ഭൂമിയുമാണ് ഫെഡറൽ ബാങ്ക് ലൈഫ് മിഷനുവേണ്ടി നൽകുന്നത്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയിൽ 1000 ഭൂരഹിതർക്ക് ഭൂമി വാങ്ങാനായി 25 കോടി രൂപ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുവാൻ ധാരണയായിരുന്നു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതർക്ക് 50 സെന്റ് ഭൂമി സംഭാവന നൽകി സമീർ പി ബിയും ഉദ്ഘാടനവേദിയെ ഹൃദ്യമാക്കി. വിഖ്യാത ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ അടൂരിലെ കുടുംബസ്വത്തായ 13.5 സെന്റ് ഭൂമി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
ഫെഡറൽ ബാങ്കിന്റെ നല്ല മനസ്സിന് സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിക്കുന്നതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഫെഡറൽ ബാങ്ക് പോലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളും സംരംഭകരും സെലിബ്രിറ്റികളും മനസ്സോടിത്തിരി മണ്ണുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനിലൂടെ നിരവധി നിരാലംബരായ ജനങ്ങൾക്ക് സ്വന്തമായ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. അർഹരായ ആളുകളിലേക്കാണ് സർക്കാരിന്റെ കരുതൽ എത്തുന്നതെന്ന് മനസ്സിലാക്കിയാണ് ഫെഡറൽ ബാങ്ക് മനസ്സോടിത്തിരി മണ്ണ് നൽകുന്നതെന്ന് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബാബു കെ എ പറഞ്ഞു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്പ് മാത്യു, ജേഡി കോരാസോൻ, ഷിൻജ്യു അബ്ദുള്ള എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പി.എൻ.എക്സ്. 598/2022
- Log in to post comments