Skip to main content

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യപ്രസവം ജില്ലയില്‍ ആരോഗ്യ രംഗത്ത് ഒരു പൊന്‍തൂവല്‍ കൂടി

ആരോഗ്യ വകുപ്പിന്  അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം. വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ കഴിഞ്ഞ ദിവസമാണ് ആദ്യമായി ഒരു കുഞ്ഞ് പിറന്നത്. 2016 മെയ് മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സര്‍ജ്ജന്‍ സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ബ്ലോക്ക് ഭരണ സമിതി മുന്‍ കൈയെടുത്ത് നവീകരിച്ച രീതിയില്‍ പ്രസവ ചികിത്സാ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.  ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ ആര്‍.ആര്‍.ടി. യോഗത്തില്‍ വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവ ചികിത്സ തുടങ്ങുന്നതിനായി തീരുമാനം എടുക്കുകയും, അതനുസരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തിരവും ആരോഗ്യ കേരളം വഴിയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് ഭരണ സമിതി മുഖാന്തരം 50 ലക്ഷം രൂപ പ്രസവ ചികിത്സാ വിഭാഗത്തിലെ ഉപകരണങ്ങള്‍ക്കും മരുന്നിനുമായി ചെലവഴിക്കുകയും 20 ലക്ഷം രൂപയുടെ ആരോഗ്യ കേരളം ഫണ്ട് ഉപയോഗിച്ച് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് സജ്ജമാക്കുകയും കാസ്പ് ഫണ്ട് ഉപയോഗിച്ച് ജനറേറ്റര്‍, റാംപ് എന്നീ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.  ആശുപത്രി എച്ച്.എം.സി.യും സ്റ്റാഫ് കൗണ്‍സിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്ന് പൂര്‍ണ്ണ പിന്തുണ നല്‍കി. 42 കിടക്കകളാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 110 ഓളം കിടക്കകള്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ അടക്കമുള്ള സൗകര്യത്തോടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യ കേരളം വഴി സ്പെഷ്യാലിറ്റി പ്രസവചികിത്സ വിഭാഗം ആരംഭിക്കുന്നതിന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. ഇതോട് കൂടി സ്ഥാപനത്തില്‍ രണ്ട് ഗൈനക്കോളജിസ്റ്റ്മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിച്ചതിനാല്‍ ജനുവരി മുതല്‍ ഗൈനക്ക് ഓ.പി. കാര്യക്ഷമമായി നടക്കുകയും കഴിഞ്ഞ ദിവസങ്ങളിലായി അഡ്മിഷന്‍ ആരഭിക്കുകയുമായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ സ്വദേശിയായ യുവതി ഇവിടെ കുഞ്ഞിന് ജന്മം നല്‍കിയത്.

ഗോത്രമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വകുപ്പുതല ഏകോപനം ഉറപ്പാക്കും

ബാലാവകാശ കമ്മീഷന്‍ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി

ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശിച്ചു. ഇതിനായി പഞ്ചായത്ത് തലത്തില്‍ എല്ലാ മാസവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേരും. ജില്ലയിലെ ആദിവാസി ഊരുകളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ. വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നടപടി. ആരോഗ്യം, പോഷകാഹാരം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്  തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കണ്ടെത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. പോഷകാഹാരം, വൈദ്യസഹായം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനും പ്രശ്ന പരിഹാരം എളുപ്പത്തിലാക്കുന്നതിനും ഉദ്യോഗസ്ഥര്‍ സംയുക്തമായി എല്ലാമാസവും  ഗോത്ര മേഖലകളില്‍ സന്ദര്‍ശനം നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.  ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന പ്രത്യേക യോഗങ്ങളില്‍ ഊരുമൂപ്പന്‍മാരെ കൂടി പങ്കെടുപ്പിക്കും.  കോളനി സന്ദര്‍ശന വേളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍വനങ്ങളില്‍ എത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കും. സാമൂഹ്യ പഠന മുറികള്‍ സജീവമാക്കും. ബദല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഗോത്രമേഖലയിലെ പ്രശ്നങ്ങളെ സമഗ്രമായ കാഴ്ചപ്പാടോടെ സമീപിക്കുകയും അതുവഴി സമഗ്രമായ പരിഹാരമുണ്ടാക്കുകയുമാണ് വേണ്ടതെന്നും കലക്ടര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ അംഗം   സി.വിജയകുമാര്‍,  പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്,  വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date