Skip to main content

ജില്ലയിലെ ആദ്യത്തെ സൗജന്യ മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് ഒരുക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ ചുവടുറപ്പിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. വളര്‍ത്തു മൃഗങ്ങളുടെ ചികിത്സയ്ക്കായി ഇനിയേറെ ബുദ്ധിമുട്ടേണ്ടതില്ല. ഒറ്റ വിളിയില്‍ പൂര്‍ണമായും സൗജന്യ ചികിത്സയും മരുന്നും ഇനി വീട്ടുമുറ്റത്തെത്തും. ജില്ലയിലാദ്യമായാണ് ഇത്തരം ഒരു മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ വെറ്റിനറി ക്ലിനിക്ക് കൂടിയാണ് ഇത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ക്ലിനിക്ക് സ്ഥാപിച്ചത്. തിങ്കള്‍ ഒഴികെയുള്ള  ദിവസങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയാണ് സേവനം. അജാനൂര്‍, ഉദുമ, പള്ളിക്കര,  പുല്ലൂര്‍- പെരിയ, മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്കാണ് സേവനം ലഭ്യമാവുക. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ഉച്ചയ്ക്ക മൂന്ന്‌വരെയാണ് പ്രവര്‍ത്തന സമയം. അതിന് ശേഷം വളര്‍ത്തു മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ പോലും ലഭ്യമായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി എന്ന നിലയില്‍ മൊബൈല്‍ വെറ്റിനറി ക്ലിനിക് ശ്രദ്ധേയമാവുതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ പറഞ്ഞു.
സാധാരണ ചികിത്സയ്ക്കപ്പുറം മൃഗങ്ങളുടെ പൊതുവായ ആരോഗ്യ സ്ഥിതി, രോഗപ്രതിരോധം, രോഗനിര്‍ണയം, പട്ടി, പൂച്ച, തുടങ്ങി വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവും വാക്‌സിനേഷനും എന്നിവയും വീട്ടുമുറ്റത്തെത്തും. ഫോണ്‍ 70344010445, 9526377925
 

date